പിണറായിയുടെ ഭരണം കണ്ട് ലോകം ചിരിക്കുന്നു: യോഗി ആദിത്യനാഥ്

കാസര്‍കോട്: ശബരിമലയില്‍ വിശ്വാസികള്‍ക്കെതിരായ നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാസര്‍കോട്ട് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

കേരളത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അഴിമതി മാത്രമാണ് നല്‍കുന്നത്. ജനവികസനത്തിനായി ഒന്നും നല്‍കിയിട്ടില്ല. 2009ല്‍ കേരളത്തിലെ ജ്യുഡീഷ്യറി ലൗജിഹാദിനെ പറ്റി പറഞ്ഞു. എന്നാല്‍ ലൗജിഹാദിനെതിരെ നടപടിയെടുക്കുന്നതിന് പകരം അതിനെ അനകൂലിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരാകട്ടെ ഇതിനെതിരെ ശക്തമായ നിയമം കൊണ്ടുവന്നു. കേരളത്തിന് സമൃദ്ധിയാണ് ജനങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരണം.

പിണറായി സര്‍ക്കാര്‍ ജനഹിതത്തിന് അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത്. ശബരിമലയില്‍ ജനഹിതത്തിന് എതിരായാണ് പ്രവര്‍ത്തിച്ചത്. തീവ്രവാദികളെ സഹായിക്കുന്നനിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിശ്വാസത്തിന് എതിരായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. രാമക്ഷേത്രമെന്നത് രാജ്യത്തിന്റെ മന്ദിരമാണ്. അതിനായി കേരളം നല്‍കുന്ന സംഭാവനയ്ക്ക് നന്ദി.

തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇവിടെ സര്‍ക്കാര്‍ ഹലാല്‍ ബാങ്ക് ഉണ്ടാക്കുന്നു. ഇതിനെതിരെ മാനവികതയുടെ ശബ്ദം ഉയര്‍ത്താന്‍ നമുക്ക് കഴിയണമെന്നും യോഗി പറഞ്ഞു.

കോവിഡിനെ പരാജയപ്പെടുത്തുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടു. ഒരു കാലത്ത് യുപിയെ നോക്കി പരിഹസിച്ച പിണറായിയുടെ സര്‍ക്കാരിനെ നോക്കി ലോകം പരിഹസിക്കുകയാണെന്നും യോഗി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *