മേഴ്‌സിക്കുട്ടിയമ്മ ഒളിച്ചുകളിച്ചാല്‍ കൂടുതല്‍ രേഖകള്‍ പുറത്തു വിടും: ചെന്നിത്തല

കൊല്ലം: ഇ.എം.സി.സി. അഴിമതി ആരോപണത്തില്‍ ഫിഷറീസ് വകുപ്പുമന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കും വ്യവസായ വകുപ്പുമന്ത്രി ഇ.പി. ജയരാജനും എതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തല. മല്‍സ്യബന്ധന കരാര്‍ ക്രമക്കേടില്‍ വ്യവസായമന്ത്രി ഇ.പി.ജയരാജനും പങ്കെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു . മന്ത്രി ഒളിച്ചുകളിച്ചാല്‍ കൂടുതല്‍ രേഖകള്‍ പുറത്തുവിടും. മനോനില തെറ്റിയത് ആര്‍ക്കാണെന്ന് കുണ്ടറക്കാര്‍ക്ക് അറിയാം. ചെറിയ സ്ഥാപനത്തിലേക്ക് ടോം ജോസ് പോയതിന്റെ കാരണം വ്യക്തമായി. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കാന്‍ ആണ് സര്‍ക്കാര്‍ നീക്കമെന്നും ചെന്നിത്തല ആരോപിച്ചു.

മന്ത്രി ഇ.പി. ജയരാജനും ഈ കാര്യത്തില്‍ പങ്കുണ്ട്. ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ടോം ജോസ് ആണ്. ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് ചെറിയ സ്ഥാപനത്തിന്റെ ചെയര്‍മാനായി പോകുന്നത് എന്തിനാണെന്ന് ഞങ്ങളൊക്കെ വിചാരിച്ചിരുന്നു. ഇപ്പോഴാണ് മനസ്സിലായത് പോയതിന്റെ ഉദ്ദേശ്യമെന്താണെന്ന്. 5,000 കോടിരൂപയുടെ നിക്ഷേപം കേരളത്തില്‍ കൊണ്ടുവരുന്ന പദ്ധതിയാണിത്. ഇതിന്റെ ആത്യന്തികഫലം എന്താകും? കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്താന്‍ കഴിയാത്ത അവസ്ഥയുണ്ടാകും.

ഇ.എം.സി.സി. കമ്ബനിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സംസ്ഥാനത്തെ ഫിഷറീസ് നയം തിരുത്തിയെന്നും ചെന്നിത്തല ആരോപിച്ചു. ഇന്‍ലന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ ട്രോളറുകള്‍ നിര്‍മിക്കാനുള്ള കരാറില്‍ കഴിഞ്ഞ ദിവസം ഒപ്പിട്ടുവെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും മന്ത്രി പറയുന്നു, ഞാന്‍ അറിഞ്ഞില്ലെന്ന്- ചെന്നിത്തല വിമര്‍ശിച്ചു.

കേരളതീരത്ത് അമേരിക്കന്‍ കമ്ബനി ഇ.എം.സി.സിക്ക് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയതില്‍ അഴിമതി നടന്നുവെന്ന് ചെന്നിത്തല ഇന്ന് ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ചെന്നിത്തലയുടെ ആരോപണം മേഴ്‌സിക്കുട്ടിയമ്മ നിഷേധിച്ചു. ഇതിനു പിന്നാലെയാണ് മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മറുപടിയുമായി ചെന്നിത്തല രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *