ഡോളര്‍ക്കടത്ത്: സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

കൊച്ചി: വിദേശത്തേക്ക് ഡോളര്‍ക്കടത്തിയ കേസില്‍ യൂണിടാക്ക് എം ഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റു ചെയ്തു.

സന്തോഷ് ഈപ്പനെ കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചു വരുത്തി നടത്തിയ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റു ചെയ്തത്. കേസിലെ മൂന്നാം പ്രതിയായ കോണ്‍സുലേറ്റ് മുന്‍ സാമ്ബത്തിക വിഭാഗം മേധാവി ഖാലിദ് മുഹമ്മദിന് ഡോളര്‍ കടത്താന്‍ എല്ലാവിധ ഒത്താശയും സന്തോഷ് ഈപ്പനാണ് ചെയ്തുകൊടുത്തതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സന്തോഷ് ഈപ്പന്റെ യൂണിടാക്കിനാണ് ലഭിച്ചിരുന്നത്.ലൈഫ് മിഷന്‍ ഇടപാടില്‍ നല്‍കിയ കോഴപ്പണം വിദേശത്തേക്ക് ഡോളറാക്കി കടത്താന്‍ സന്തോഷ് ഈപ്പന്‍ ഒത്താശ ചെയ്തുവെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.

നേരത്തെ ഒരു തവണ സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും തനിക്ക് ഒന്നും അറിയില്ലെന്ന നിലപാടായിരുന്നു ഇയാള്‍ സ്വീകരിച്ചിരുന്നത്.പിന്നീട് വിശദമായ അന്വേഷണത്തിനിടയില്‍ ഡോളര്‍ക്കടത്തില്‍ സന്തോഷ് ഈപ്പന് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇന്ന് വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനു ശേഷം അറസ്്റ്റു രേഖപെടുത്തിയത്.കേസിലെ അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പന്‍.വിദേശത്തേക്ക് കടത്താനുള്ള ഡോളര്‍ സംഘടിപ്പിച്ചതില്‍ സന്തോഷ് ഈപ്പന്‍ മുഖ്യപങ്കുവഹിച്ചുവെന്നും കസ്റ്റംസ് കണ്ടെത്തിയതായാണ് വിവരം.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ്,പി എസ് സരിത്,കോണ്‍സുലേറ്റിലെ മുന്‍ സാമ്ബത്തിക വിഭാഗം മേധാവിയായിരുന്ന ഖാലിദ് മുഹമ്മദ്,മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.ഇതില്‍ ഖാലിദ് ഒഴികെയുള്ളവരെ കസ്റ്റംസ് അറസ്റ്റു ചെയ്തിരുന്നു.ഈജിപ്ഷ്യന്‍ പൗരനായ ഖാലിദ് നേരത്തെ തന്നെ ഇന്ത്യ വിട്ടിരുന്നു. ഇയാള്‍ക്കെതിരെ കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്നുവെങ്കിലും അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.കേസിലെ നാലാം പ്രതിയായ എം ശിവശങ്കര്‍ അടുത്തിടെ ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ സ്വപ്‌ന സുരേഷും സരിത്തും ഇപ്പോഴും റിമാന്റിലാണ്.

1,90,000 യുഎസ്ഡോളര്‍ 2019 ആഗസ്റ്റില്‍ തിരുവനന്തപരും വിമാനത്താവളത്തില്‍ നിന്നും കെയ്റോയിലേക്കുള്ള യാത്രയില്‍ ഹാന്‍ഡ് ബാഗില്‍ ഖാലിദ് കടത്തിയെന്ന് കസ്റ്റംസ് നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു.സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഡോളര്‍ക്കടത്തിന്റെ വിവരം വ്യക്തമായതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. അറസ്റ്റു ചെയ്ത സന്തോഷ് ഈപ്പനെ വൈദ്യ പരിശോധനയ്ക്ക് ശേഷം കസ്റ്റംസ് കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *