തൊഴിൽ തട്ടിപ്പ്: മുഖ്യ ആസൂത്രക സരിതയെന്ന് കേസിലെ ഒന്നാം പ്രതി രതീഷ്

കൊച്ചി: തൊഴിൽ തട്ടിപ്പിലെ മുഖ്യ ആസൂത്രക സരിത എസ് നായരെന്ന് കേസിലെ ഒന്നാം പ്രതി രതീഷ്. തട്ടിപ്പിലെ പണം ലഭിച്ചത് സരിതക്കാണെന്നും വ്യാജ നിയമന ഉത്തരവുകൾ ഉണ്ടാക്കിയത് സരിതയാണെന്നും ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ രതീഷ് പറയുന്നു. തൊഴിൽ തട്ടിപ്പിൽ താനും ഇരയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒന്നാംപ്രതി രതീഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

സരിതയുടെ സഹായത്തിലൂടെ സർക്കാർ ജോലി ലഭിക്കുമെന്ന് രണ്ടാം പ്രതി ഷാജു ആണ് തന്നോട് ആദ്യം പറയുന്നത്. ഇതനുസരിച്ച് താൻ മൂന്നര ലക്ഷം രൂപ നൽകിയിരുന്നു. ഇതിന് ശേഷമാണ് ഷാജുവിന്റെ സുഹൃത്തും കേസിലെ പരാതിക്കാരനുമായ അരുണടക്കമുള്ളവർ പണം നൽകിയത്. പണം കൈമാറി ഏറെ നാളുകൾക്ക് ശേഷവും ജോലി ലഭിക്കാതായതോടെ ഷാജുവിനെ സമീപിച്ചു. അപ്പോഴാണ് സരിതയാണ് തട്ടിപ്പിലെ മുഖ്യ ആസൂത്രകയെന്ന് മനസിലാക്കിയതെന്ന് രതീഷ് വിശദീകരിക്കുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട പണം സരിതയുടെ അക്കൗണ്ടിലേക്കാണ് എത്തിയതെന്നും ബെവ് കോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പേരിൽ വ്യാജ നിയമന ഉത്തരവുകൾ തയ്യാറാക്കിയത് സരിതയാണെന്നും ഷാജു തന്നോട് പറഞ്ഞതായും രതീഷ് പറഞ്ഞു.

നിലവിൽ സി.പി.ഐ കുന്നത്തുകാൽ പഞ്ചായത്തംഗമാണ് രതീഷ്. രതീഷിന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരത്തെ കോടതി തള്ളിയിരുന്നു. കേസിൽ പ്രതികളെ വെട്ടിലാക്കുന്ന തെളിവുകൾ പുറത്തുവന്നതിന് പിന്നാലെയാണ് രതീഷ് മലക്കം മറിഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *