പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ സിപിഐ

തിരുവനന്തപുരം: മൂന്ന് ടേമിലേറെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്ക് വീണ്ടും സീ‌റ്റ് നല്‍കേണ്ടെന്ന തീരുമാനമെടുത്ത് സിപിഐ. ഇന്ന് ചേര്‍ന്ന് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ഔദ്യോഗികമായി ഈ തീരുമാനമെടുത്തത്. ഇതോടെ കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍(തൃശൂര്‍), ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍(ചേര്‍ത്തല), വനംമന്ത്രി കെ. രാജു (പുനലൂര്‍) എന്നിവര്‍ക്ക് ഇനി മത്സരിക്കാനാകില്ല. മന്ത്രി ഇ.ചന്ദ്രശേഖരന് മാത്രമേ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകൂ. കാഞ്ഞങ്ങാട് നിന്ന് അദ്ദേഹം വീണ്ടും സഭയിലേക്ക് മത്സരിക്കും.

മൂന്ന് മന്ത്രിമാരുള്‍പ്പടെ ആറ് എം.എല്‍.എമാര്‍ക്കാണ് മൂന്ന് തവണ മത്സരരംഗത്തുണ്ടായിരുന്നതിനാല്‍ ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകാത്തത്. മുന്‍ മന്ത്രിമാരായ മുല്ലക്കര രത്നാകരന്‍(ചടയമംഗലം), സി.ദിവാകരന്‍(നെടുമങ്ങാട്), പീരുമേട് എം.എല്‍.എയായ ഇ.എസ് ബിജിമോള്‍ എന്നിവര്‍ക്കും ഇനി തിരഞ്ഞെടുപ്പില്‍ സീ‌റ്റില്ല.

2016 നിയമസഭ തിരഞ്ഞെടുപ്പില്‍ 27 സീ‌റ്റുകളില്‍ മത്സരിച്ച സിപിഐയുടെ 17 പേരാണ് വിജയിച്ച്‌ എംഎല്‍എമാരായത്. ഇവരില്‍ 11 പേര്‍ക്ക് ഇനിയും മത്സരിക്കാന്‍ യോഗ്യതയുണ്ട്. എന്നാല്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയ ചിലരെ മാ‌റ്റി പുതുമുഖങ്ങളെ പരീക്ഷിക്കാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നുണ്ട്. ഡെപ്യൂട്ടി സ്‌പീക്കര്‍ വി.ശശി(ചിറയിന്‍കീഴ്), ജി.എസ് ജയലാല്‍(ചാത്തന്നൂര്‍), ഇ.കെ വിജയന്‍(നാദാപുരം) എന്നിവര്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംഘടനാ ചുമതലയുള‌ളവര്‍ മത്സരിക്കുകയാണെങ്കില്‍ പാര്‍ട്ടി ചുമതല ഒഴിയണമെന്നും പുതുനിരയെ കൊണ്ടുവരാനാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മുന്നണിയില്‍ പുതിയ കക്ഷികള്‍ വന്നതിനാല്‍ സീ‌റ്റ് വിഭജനത്തില്‍ പരമാവധി വിട്ടുവീഴ്‌ച ചെയ്യാനും സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *

You may missed