രാജ്യ വിരുദ്ധ ബജറ്റ് എന്ന് മമത ബാനര്‍ജി

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റിനെതിരെ പ്രതിപക്ഷം. രാജ്യവിരുദ്ധമായ ബജറ്റ് എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി വിമര്‍ശിച്ചത്.

എല്ലാം വിറ്റു തുലയ്ക്കുന്നു എന്നും കൊറോണ കാരണം പ്രതിസന്ധിയിലായ സാധാരണക്കാര്‍ക്ക് പണം നേരിട്ട് കൈയ്യിലെത്താനുള്ള നടപടികള്‍ ഇല്ല എന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പുതിയ ബജറ്റില്‍ വലിയ തോതില്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രഖ്യാപനങ്ങളാണ് എന്നാണ് വിമര്‍ശനം.

വളരെ രൂക്ഷമായിട്ടാണ് മമത ബാനര്‍ജി പ്രതികരിച്ചത്. കര്‍ഷക വിരുദ്ധം, ജനവിരുദ്ധം, രാജ്യ വിരുദ്ധം എന്നാണ് മമതയുടെ പ്രസ്താവന. ഇതെന്ത് ബജറ്റാണ്. വ്യാജമായ വാഗ്ദാനങ്ങളാണതില്‍. പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയിരിക്കുന്നു. പെട്രോളിന്‍മേലുള്ള സെസ് എടുത്തുകളയാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സംസ്ഥാന സര്‍ക്കാരിന് ഈ സെസ്സില്‍ നിന്ന് ഒന്നും ലഭിക്കില്ല. പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചാല്‍ കര്‍ഷകരെയാണ് ബാധിക്കുക. ഇന്ധന വില തുടര്‍ച്ചയായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 15 ലക്ഷം എല്ലാവര്‍ക്കും തരുമെന്ന് വാഗ്ദാനം ചെയ്തിരുന്നു മുമ്ബ്. ഇതുവരെ ഒന്നുംതന്നില്ലെന്നും മമത കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *