ആസ്ത്രേലിയക്കെതിരെ ഇന്ത്യക്ക് 13 റൺസിന്റെ ആശ്വാസ ജയം

ആസ്ത്രേലിയക്കെതിരെ അവസാന പന്ത് വരെ ആവേശമുറ്റി നിന്ന മത്സരത്തിൽ ഇന്ത്യക്ക് 13 റൺസിന്റെ ആശ്വാസ ജയം. ഇതോടെ ഏകദിന പരമ്പര നഷ്ടമായെങ്കിലും അവസാന മത്സരത്തിലെ ജയത്തോടെ മുഖം രക്ഷിക്കാനായി ഇന്ത്യക്ക്. ഇന്ത്യ ഉയർത്തിയ 303 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആസ്ത്രേലിയക്ക് 289 റൺസെടുക്കാനെ സാധിച്ചുള്ളു. സ്കോർ: ഇന്ത്യ: 50 ഓവറിൽ 302-5, ആസ്ത്രേലിയ: 49.2 ഓവറിൽ 289-10.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഹാർദിക് പാണ്ഡ്യയുടെ (76 പന്തിൽ 92 റൺസ്) ഉ​ഗ്രൻ ബാറ്റിങ്ങ് മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. ഏഴ് ബൗണ്ടറിയും ഒരു സിക്സറുമാണ് ഹാർദിക്കിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഹാർദിക്കിന് പുറമെ രവീന്ദ്ര ജഡേജയുടെയും (50 പന്തിൽ 66 റൺസ്) നായകൻ വിരാട് കോഹ്‍ലിയുടെയും (78 പന്തിൽ 63 റൺസ്) അർധ സെഞ്ച്വറികള്‍ ഇന്ത്യന്‍ സ്കോർ മുന്നൂറ് കടത്തി. ശ്രേയസ് അയ്യർ പത്തൊമ്പത് റൺസും ശിഖർ ധവാൻ 16 റൺസുമെടുത്ത് പുറത്തായി. ആസ്ത്രേലിയക്കായി ആഷ്ടൻ അ​ഗർ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ത്രേലിക്കായി അർധ സെഞ്ച്വറി നേടിയ നായകൻ അരോൺ ഫിഞ്ച് (82 പന്തിൽ 75 റൺസ്) മുന്നിൽ നിന്ന് നയിക്കുകയായിരുന്നു. ഒരു വേള ആറ് വിക്കറ്റിന് 210 റൺസെന്ന നിലയിൽ പരുങ്ങിയ ആസ്ത്രേലിയക്ക് ​ഗ്ലെൻ മാക്സ്‍വെല്ലിന്റെ ബാറ്റിങ് പ്രതീക്ഷ നൽകിയിരുന്നു. നാല് സിക്സറുകളോടെ കൂറ്റനടിയുമായി ​ഗ്ലെൻ മാക്സവെൽ 38 പന്തിൽ 59 റൺസാണ് നേടിയത്.

എന്നാൽ മത്സരത്തിന്റെ അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർക്ക് സ്കോറിങ് വേ​ഗം കുറക്കാനായി. അലക്സ് കാരി 38 റൺസെടുത്ത് പുറത്തായി. ഇന്ത്യക്കായി ശർദുൽ താക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബൂമ്ര രണ്ട് വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, നടരാജൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *