ഫുട്‌ബോള്‍ ലോകത്തിലെ കിരീടം വയ്‌ക്കാത്ത രാജാവിന് വിട

ബ്യൂണസ് അയേഴ്‌സിലെ തെരുവുകളില്‍നിന്ന് ഫുട്‌ബോള്‍ ലോകത്തിലെ കിരീടം വയ്‌ക്കാത്ത രാജാവെന്ന സ്‌ഥാനത്തെത്തിയ അര്‍ജന്റീനയുടെ ഇതിഹാസതാരമാണ് ഡിയേഗോ മാറഡോണ. 1986ല്‍ മാറഡോണയുടെ പ്രതിഭയില്‍ അര്‍ജന്റീന ലോകചാമ്ബ്യന്‍മാരായി. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ‘ദൈവത്തിന്റെ കൈ’ എന്നറിയപ്പെടുന്ന വിവാദഗോളടക്കമുളള രണ്ടു ഗോളുകള്‍ ലോകപ്രശസ്തമാണ്. ആറ് ഇംഗ്ലിഷ് താരങ്ങളെ വെട്ടിച്ച്‌ 60 മീറ്റര്‍ ഓടിക്കയറി നേടിയ രണ്ടാം ഗോള്‍ ‘നൂറ്റാണ്ടിന്റെ ഗോള്‍’ എന്നും വിശേഷിപ്പിക്കപ്പെട്ടു. വിവാദപ്രസ്താവനകളും മയക്കുമരുന്നിന് അടിപ്പെട്ട ജീവിതവും അര്‍ജന്റീനയുടെ ആരാധകനായി ഗാലറിയില്‍ നിറഞ്ഞുമെല്ലാം മറഡോണ എക്കാലവും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു.

അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസിന്റെ പ്രാന്തപ്രദേശത്തുളള ലാനസി(Lanus)ല്‍ 1960 ഒക്‌ടോബര്‍ 30നാണ് മറഡോണ ജനിച്ചത്. നഗ്നപാദനായി പന്തുതട്ടിയും ദാരിദ്ര്യത്തോടു പൊരുതിയുമാണ് മറഡോണ വളര്‍ന്നത്. പതിനാറാം വയസ്സില്‍ 1977 ഫെബ്രുവരി 27നു ഹംഗറിക്കെതിരായ മല്‍സരത്തോടെയായിരുന്നു രാജ്യാന്തര അരങ്ങേറ്റം. 1978ല്‍ അര്‍ജന്റീനയെ യൂത്ത് ലോകകപ്പ് ജേതാക്കളാക്കുമ്ബോള്‍ മറഡോണയായിരുന്നു നായകന്‍. 1979ലും 80ലും സൗത്ത് അമേരിക്കന്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ ബഹുമതി. 1982 ല്‍ ലോകകപ്പില്‍ അരങ്ങേറ്റം. നാലു ലോകകപ്പ് കളിച്ചു. 1986ല്‍ അര്‍ജന്റീനയെ മറഡോണ ഏറെക്കുറെ ഒറ്റയ്‌ക്ക് ലോകചാംപ്യന്‍ പട്ടത്തിലേക്കു നയിച്ചു. ആ ലോകകപ്പില്‍ മികച്ച താരത്തിനുള്ള ഫിഫയുടെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരവും നേടി.

1994ല്‍ രണ്ടു മല്‍സരങ്ങള്‍ കളിച്ചതിനു പിന്നാലെ ഉത്തേജകമരുന്നു പരിശോധനയില്‍ പിടിക്കപ്പെട്ടു പുറത്തായി. അര്‍ജന്റീനയ്ക്കായി ആകെ 21 ലോകകപ്പ് മത്സരങ്ങളില്‍നിന്ന് എട്ട് ഗോളുകള്‍. നാലു ലോകകപ്പുകളില്‍ പങ്കെടുത്ത (1982, 86, 90, 94) മാറഡോണ അര്‍ജന്റീനയ്‌ക്കുവേണ്ടി 91 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചു, ഇതില്‍നിന്ന് 34 ഗോളുകള്‍. 2010 ലോകകപ്പില്‍ അര്‍ജന്റീനയുടെ മുഖ്യപരിശീലകനായി. മെക്സിക്കോയിലെ രണ്ടാം ഡിവിഷന്‍ ക്ലബ് ഡൊറാഡോസ് ഡി സിനാലോവയുടെ പരിശീലകനായിരുന്നു മറഡോണ.

2000ല്‍ ഫിഫയുടെ തിരഞ്ഞെടുപ്പില്‍ നൂറ്റാണ്ടിന്റെ ഫുട്‌ബോള്‍ താരം പെലെയായിരുന്നെങ്കിലും ഫിഫയുടെ വെബ്‌സൈറ്റിലൂടെ ആരാധകര്‍ ഏറ്റവും കൂടുതല്‍ വോട്ട് നല്‍കിയത് മറഡോണയായ്ക്കായിരുന്നു.78, 000 വോട്ടുകള്‍ മറഡോണ നേടിയപ്പോള്‍ പെലെയ്‌ക്ക് 26, 000 വോട്ടുകളേ നേടാനായുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *