പോലീസ് നിയമ ഭേദഗതി പിന്‍വലിച്ചത് തട്ടിപ്പെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസ് നിയമ ഭേദഗതി നടപ്പിലാക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തട്ടിപ്പാണ്. മാധ്യമ മാരണ നിയമം പിന്‍വലിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. ഒരു നിയമം നിലവില്‍ വന്ന ശേഷം അത് നടപ്പാക്കില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്കെന്നല്ല ആര്‍ക്കും കഴിയില്ല. നിയമം പിന്‍വലിക്കാതിരുന്നാല്‍ പോലീസിന് അതുപയോഗിച്ച്‌ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാകുമെന്നും ചെന്നിത്തല പറഞ്ഞു.

ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവശകാശത്തിന് നേരെയുള്ള ശക്തമായ കടന്നുകയറ്റമാണ് പോലീസ് നിയമ ഭേദഗതിയിലൂടെ കൊണ്ടുവന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അഡോള്‍ഫ് ഹിറ്റ്‌ലനെ പോലും നാണിപ്പിക്കുന്ന വിധം അഭിപ്രായ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ചവുട്ടിമെതിക്കുകയാണ്. വിവാദ നിയമം പിന്‍വലിച്ച്‌ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു.

ഈ ഓര്‍ഡിനന്‍സ് ജനവിരുദ്ധവും ഏകാധിപത്യപരവുമാണ്. ഓര്‍ഡിനന്‍സ് അടിയന്തരമായി കൊണ്ടുവരേണ്ട എന്ത് സാഹചര്യമാണ് കേരളത്തിലുള്ളത്. നിയമസഭയില്‍ വിശദമായി ചര്‍ച്ച്‌ ചെയ്ത് ഗുണദോഷങ്ങള്‍ കണ്ടറിഞ്ഞ് വേണം ഇതുമായി മുന്നോട്ട് പോകാന്‍. എന്നാല്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി ഇത് നടപ്പിലാക്കി. ഇതിനെതിരെ താന്‍ ഗവര്‍ണര്‍ക്ക് കത്ത് എഴുതിയിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *