നടിയുടെയും സര്‍ക്കാരിന്റെയും ഹരജി ഹൈക്കോടതി തള്ളി

കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ വിചാരണക്കോടതി മാറ്റില്ല.വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഇരയായ നടിയും സംസ്ഥാന സര്‍ക്കാരും സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഹരജി തള്ളിക്കൊണ്ട് ഉത്തരവായത്.വിചാരണ നടപടികള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കാമെന്നും കോടതി നിര്‍ദേശിച്ചു.സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ തിങ്കളാഴ്ച അപ്പീല്‍ സമര്‍പ്പിച്ചേക്കും.കേസിന്റെ വിചാരണ മറ്റൊരുകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് അക്രമിക്കപ്പെട്ട നടിയും സര്‍ക്കാരും ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.തുടര്‍ന്ന് വിചാരണ നടപടികള്‍ തുടരുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഹരജിയില്‍ നടിയുടെയും സര്‍ക്കാരിന്റെയും വിശദമായ വാദം കേട്ടതിനു ശേഷമാണ് ഇന്ന് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

വിചാരണ സമയത്ത് ക്രോസ് വിസ്താരത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടെന്നും വിചാരണ കോടതി മാറ്റണമെന്നും നടി ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിചാരണ കോടതി മുന്‍ വിധിയോടെയാണ് പെരുമാറുന്നതെന്ന് പ്രോസിക്യൂഷനും കോടതിയില്‍ പറഞ്ഞിരുന്നു.അപമാനിക്കുന്ന തരത്തില്‍ പ്രതിഭാഗം അഭിഭാഷകര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടും വിചാരണ കോടതി വിലക്കിയില്ലെന്നും നടി ഹൈക്കോടതിയെ അറിയിച്ചു. വ്യക്തിപരമായി ബാധിക്കുന്ന ചോദ്യങ്ങള്‍ പോലും പ്രതിഭാഗം ചോദിച്ചു.. 40ലധികം അഭിഭാഷകര്‍ വിചാരണ നടക്കുമ്ബോള്‍ കോടതി മുറിയിലുണ്ടായിരുന്നെന്നും നടി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ല. വിചാരണ കോടതി മുന്‍വിധിയോടെയാണ് പെരുമാറുന്നത്. മറ്റ് മാര്‍ഗമില്ലാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്. വനിതാ ജഡ്ജി വേണമെന്ന് നിര്‍ബന്ധമില്ലെന്നും മറ്റ് ഏതെങ്കിലും കോടതിയിലേക്ക് മാറ്റിയാല്‍ മതിയെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.ഹരജിയില്‍ വാദം കേട്ട കോടതി വിധി പറയുന്നതിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *