തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ച സംഭവത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. പ്രതിപക്ഷ നേതാവ് നല്‍കിയ പരാതി പരിഗണിച്ച സര്‍ക്കാരിനോട് ഇതു സംബന്ധിച്ച്‌ വിശദീകരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓഡിറ്റ് വകുപ്പ്തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവച്ചത്. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് ഓഡിറ്റ് പുനസ്ഥാപിക്കുവാനും, ഇപ്പോഴത്തെ നീക്കം അഴിമതി മൂടിവയ്ക്കാനാണെന്ന് ആരോപിച്ചുമാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും അപ്പോള്‍ എന്ത് കൊണ്ടാണ് ഓഡിറ്റ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്നതിനെ കുറിച്ച്‌ സര്‍ക്കാര്‍ വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ആരംഭിച്ച ആഭ്യന്തര പരിശോധനാ സംവിധാനമായ പെര്‍ഫോമന്‍സ് ഓഡിറ്റാണ് നിറുത്തിയത്. ജനകീയാസൂത്രണത്തിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രാദേശിക സര്‍ക്കാരുകളുടെ അധികാരം ലഭ്യമാക്കിയതിന് പിന്നാലെ ,1997ലാണ് നായനാര്‍ സര്‍ക്കാര്‍ മൂന്ന് മാസത്തിലൊരിക്കല്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ഏര്‍പ്പെടുത്തിയത്. പദ്ധതി നിര്‍വ്വഹണം കാര്യക്ഷമവും സുതാര്യവുമാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.

അതേസമയം, അധിക ബാദ്ധ്യതയും ഓഡിറ്റുകളുടെ ബാഹുല്യവുമാണ് നിറുത്തലാക്കലിന് കാരണമായി ധനകാര്യ വകുപ്പ് പറയുന്നത്. അക്കൗണ്ടന്റ് ജനറലിന്റെയും ലോക്കല്‍ ഫണ്ട് വിഭാഗത്തിന്റെയും ഓഡിറ്റിംഗ് നടക്കുന്ന സാഹചര്യത്തില്‍ , ഇതിന്റെ കൂടി ആവശ്യമില്ല. ജനകീയാസൂത്രണം കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് ,ഉദ്ദേശ്യ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെട്ടു. ഇനി സൂക്ഷ്മതലത്തില്‍ പരിശോധന വേണ്ട. ഇതിലെ ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതിലൂടെ, സര്‍ക്കാരിന്റെ സാമ്ബത്തിക ബാദ്ധ്യത കുറയ്ക്കാനാവുമെന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *