സി.എം. രവീന്ദ്രന് കോവിഡ് ; ഇഡിയ്ക്ക് മുന്നില്‍ ഹാജരാവില്ല

തിരുവനന്തപുരം: വെള്ളിയാഴ്ച കൊച്ചി ഓഫിസിൽ ഹാജരാകാൻ ഇഡി നോട്ടിസ് നൽകിയ മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം. രവിന്ദ്രനു കോവിഡ് പോസിറ്റീവ്. ഇന്നു വന്ന പരിശോധന ഫലത്തിലാണ് കോവിഡ് പോസിറ്റിവ് ആയത്. രോഗം സ്ഥീരീകരിച്ചതിനാല്‍ ചോദ്യം ചെയ്യലിനു ഹാജരാകില്ല. വീട്ടിൽ വിശ്രമത്തിലാണ് രവീന്ദ്രൻ.

അദ്ദേഹത്തെ വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ഈ സാഹചര്യത്തില്‍ അദ്ദേഹം ഇഡിക്ക് മുന്നില്‍ ഹാജരാവില്ല. ഇക്കാര്യം ഇഡിയെ അറിയിച്ചിട്ടുണ്ടെന്നാണു വിവരം. കഴിഞ്ഞ ചൊവ്വാഴ്ച വരെ സി എം രവീന്ദ്രന്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയിരുന്നു. ബുധനാഴ്ചയോടെ രവീന്ദ്രന് പനി അടക്കമുള്ള അസ്വസ്ഥതയുണ്ടായതിനാല്‍ ഓഫിസിലെത്തിയിരുന്നില്ല.

ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കഴിഞ്ഞിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ തിങ്കളാഴ്ച മുതലാണു ഓഫിസില്‍ എത്തിത്തുടങ്ങിയത്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണു സി എം രവീന്ദ്രന്‍. അതിനാല്‍, മുഖ്യമന്ത്രി അടക്കമുള്ള ഓഫിസ് ജീവനക്കാര്‍ ക്വാറന്റൈനില്‍ പോവേണ്ടിവന്നേക്കും. ഐടി വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് സി എം രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നത്.

എം ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് തന്നെ വിളിച്ചിട്ടുള്ളത് രവീന്ദ്രനാണെന്ന് സ്വപ്‌നയുടെ മൊഴിയുണ്ട്. കെ ഫോണ്‍ അടക്കമുള്ള വന്‍കിട പദ്ധതികളില്‍ സി എം രവീന്ദ്രന്‍ അടക്കമുള്ളവര്‍ വഴിവിട്ട ഇടപാടുകള്‍ നടത്തിയെന്ന മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *