കോടിയേരിയുടെ വീട്ടില്‍ ഓടിയെത്തിയ ബാലാവകാശ കമീഷന് എന്തേ പാലത്തായിയില്‍ പോയില്ല?: മുല്ലപ്പള്ളി
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ മരുതന്‍കുഴിയിലെ വീട്ടില്‍ പോയ ബാലാവകാശ കമീഷനെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കോടിയേരിയുടെ കൊച്ചുമകള്‍ ഉറങ്ങിയില്ലെന്ന് പറഞ്ഞപ്പോള്‍ ഓടിയെത്തിയ ബാലാവകാശ കമ്മീഷന് എന്തുകൊണ്ട് പാലത്തായിയില്‍ പോയില്ലെന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
കോടിയേരിയുടെ വീട് രമ്യഹര്‍മ്യമാണ്. വീടിനു മുന്നില്‍ കോടികള്‍ വിലവരുന്ന വാഹനം കിടക്കുന്നു. രാജാവായാണ് കോടിയേരിയുടെ താമസം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം കൊള്ള സംഘം പോലെയാണ്. ഊര്‍ജസ്വലനായി ഇരിക്കുന്ന ബിനീഷിന്റെ കുഞ്ഞിനെ സംരക്ഷിക്കാനാണ് ബാലവകാശ കമീഷന് ബിനീഷിന്റെ വീട്ടില്‍ പോയത്.
ബിനീഷിന്റെ വീട്ടില്‍ നടക്കുന്നത് നാടകമാണ്. ബിനീഷിനെ ആദര്‍ശപുരുഷനാക്കി മാറ്റാന്‍ ശ്രമിക്കുന്നു. എന്‍ഫോഴ്സ്മെന്റ് റെയ്ഡില്‍ മനുഷ്യാവകാശ ലംഘനം ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സി.എം രവീന്ദ്രന് മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. രവീന്ദ്രന് അറിയാതെ ഫയലുകള്‍ നീങ്ങില്ല. മുഖ്യമന്ത്രിയുടെ ചങ്കിടിപ്പ് ഇപ്പോള്‍ കൂടിയിരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.