കേസുകള്‍ ഏറ്റെടുക്കാന്‍ സി.ബി.ഐക്ക് നല്‍കിയിരുന്ന പൊതുസമ്മതം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കേസുകള്‍ ഏറ്റെടുക്കാന്‍ സി.ബി.ഐക്ക് നല്‍കിയിരുന്ന പൊതുസമ്മതം പിന്‍വലിച്ചു. സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ ഇനി മുതല്‍ സി.ബി.ഐക്ക് കേസുകള്‍ ഏറ്റെടുക്കാന്‍ കഴിയില്ല. നിലവിലെ കേസുകള്‍ക്ക് ഉത്തരവ് ബാധകമല്ല.ഇന്നത്തെ മന്ത്രിസഭയോഗത്തിന്‍റെതാണ് തീരുമാനം.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസുകള്‍ സി.ബി.ഐ ഏറ്റെടുക്കുകയും ഉദ്യോഗസ്ഥരെ നിരന്തരമായി ചോദ്യം ചെയ്യുകയും ചെയ്ത് പശ്ചാത്തലത്തിലാണ് കേസുകള്‍ ഏറ്റെടുക്കാന്‍ സി.ബി.ഐക്ക് നേരത്തെ നല്‍കിയിരുന്ന അനുമതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബി.ജെ.പി ഇതരസംസ്ഥാനങ്ങള്‍ നേരത്തെ തന്നെ പൊതുസമ്മതം പിന്‍വലിച്ച് ഉത്തരവിറക്കിയിരുന്നു. ഇതോടെ നിയമോപദേശവും അനുകൂലമായി ലഭിച്ചു. നേരത്തെ നല്‍കിയിരുന്ന പൊതുസമ്മതം പിന്‍വലിച്ച് എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭയോഗം തീരുമാനിച്ചത്.

ഇനി മുതല്‍ ഹൈക്കോടതിയുടേയോ സുപ്രീം കോടതിയുടേയോ ഉത്തരവിന്‍റെ അടിസ്ഥാനത്തിലല്ലാതെ സി.ബി.ഐക്ക് കേസ് ഏറ്റെടുക്കണമെങ്കില്‍ സര്‍ക്കാരിന്‍റെ അനുമതി വേണം. നിലവില്‍ സി.ബി.ഐ അന്വേഷിക്കുന്ന ലൈഫ് അടക്കമുള്ള കേസുകള്‍ക്ക് ഇത് ബാധകമായിരിക്കില്ല. അതേസമം മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്ന റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ പരിഗണിക്കൂ. ബാറുകള്‍ തുറക്കുന്ന കാര്യം മന്ത്രിസഭ യോഗത്തിന്‍റെ പരിഗണനക്ക് വന്നില്ല. നവംബര്‍ 12 മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണം ഏര്‍പ്പെടുത്താനും മന്ത്രിസഭായോഗം അനുമതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *