ഓണസമൃദ്ധി വിപണികളുമായി കൃഷിവകുപ്പ്

തിരുവനന്തപുരം; ഓണ വിപണി ലക്ഷ്യമിട്ട് സംസ്ഥാനത്താകെ 2000 നാടന്‍ പഴം-പച്ചക്കറി ഓണസമൃദ്ധി വിപണികളുമായി കൃഷിവകുപ്പ്. വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 26) പാളയത്തെ ഹോര്‍ട്ടികോര്‍പ്പ് വിപണിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി നിര്‍വ്വഹിക്കും. ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ ആദ്യ വില്പന നടത്തും. കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേയര്‍ ശ്രീകുമാര്‍, ശശി തരൂര്‍ എം.പി., വി.എസ് ശിവകുമാര്‍ എം.എല്‍.എ., ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ വിനയന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വിപണികള്‍ 27 മുതല്‍ 30 വരെ പ്രവര്‍ത്തിക്കുമെന്ന്് മന്ത്രി വി.എസ്. സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. .

കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ 1350, വി.എഫ്.പി.സി.കെയുടെ 150 ഹോര്‍ട്ടികോര്‍പ്പിന്റെ 500 വിപണികളാണ് സജ്ജമാക്കുന്നത്. പ്രാദേശിക കര്‍ഷകരില്‍ നിന്നും വിപണി വിലയേക്കാള്‍ 10 ശതമാനം അധികവില നല്‍കി സംഭരിക്കുന്ന പഴം-പച്ചക്കറികള്‍ 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിലയും ഉപഭോക്താക്കള്‍ക്ക് ന്യായവിലയ്ക്ക് ഉല്പന്നങ്ങളും ഉറപ്പാക്കുന്നു. 100 രൂപയുടെയും 150 രൂപയുടെയും കിറ്റുകളും വിപണിയില്‍ ലഭ്യമാണ്.

ഇടുക്കി വട്ടവട-കാന്തല്ലൂരില്‍ നിന്നുളള പച്ചക്കറികള്‍, മറയൂര്‍ ശര്‍ക്കര, കാന്തല്ലൂര്‍, വെളുത്തുളളി, കൃഷിവകുപ്പ് ഫാമിന്റെ ഉത്പന്നങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ എന്നിവയും ലഭിക്കും.

ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ മുഖാന്തിരം ഓണ്‍ലൈനായും പച്ചക്കറി ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിന് സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച്‌ ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ സ്വീകരിച്ച്‌ റസിഡന്‍സ് അസോസിയേഷനുകള്‍ മുഖേന വിപണനം ചെയ്യുന്ന സംവിധാനവും ഓണച്ചന്തകളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

പ്രാദേശിക പച്ചക്കറികള്‍, ഇതര സംസ്ഥാനങ്ങളിലെ പച്ചക്കറികള്‍ എന്നിവയ്ക്ക് പ്രത്യേകം ബോര്‍ഡുകള്‍ വിപണികളില്‍ സ്ഥാപിച്ചിട്ടുണ്ടാകും. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോളും ഗ്രീന്‍ പ്രോട്ടോക്കോളും പാലിച്ചുകൊണ്ടായിരിക്കും വിപണികള്‍ പ്രവര്‍ത്തിക്കുകയെന്നും മന്ത്രി അറിയിച്ചു. ആഴ്ചചന്തകളും, ഗ്രാമചന്തകളും, വഴിയോരകര്‍ഷക ചന്തകളും വ്യാപകമാക്കാനും തീരുമാനമായിട്ടുണ്ട്.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പിന് കീഴിലുളള 1800 വിപണികള്‍ ഉള്‍പ്പടെയെല്ലാം ശക്തമാക്കും. ജീവനി കാര്‍ഷിക വിപണി എന്ന് ഈ വിപണികള്‍ അറിയപ്പെടും. ഏകീകൃത ബോര്‍ഡും ഈ വിപണികള്‍ക്കുണ്ടായിരിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഇവ ഒരു സ്ഥിര സംവിധാനമായിത്തുടരുകയും ചെയ്യും. അടുത്ത ഓണത്തിന് ഓണത്തിനൊരു കുട പൂവ് എന്ന പദ്ധതി നടപ്പിലാക്കും. സ്വന്തം പൂക്കള്‍ കൊണ്ട് ഓണം ആഘോഷിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *