കാര്യവട്ടത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ സജ്ജീകരണം അവസാന ഘട്ടത്തിൽ

ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയവും അനുബന്ധിച്ചുള്ള കോംപ്ലക്‌സും കൺവെൻഷൻ സെന്ററും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായി (സി.എഫ്.എൽ.റ്റി.സി) മാറ്റുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. നിർമാണ പ്രവർത്തനങ്ങൾ ഏകദേശം അന്തിമഘട്ടത്തിലാണ്. 750 കിടക്കകളുള്ള അത്യന്താധുനിക സംവിധാനങ്ങളോട് കൂടിയ സെന്ററാണിത്. ഡോക്ടർമാർക്ക് പുറമെ നഴ്‌സിംഗ് സ്റ്റാഫ്, പാരാമെഡിക്കൽ ജീവനക്കാർ, ക്ലീനിങ് സ്റ്റാഫ് ശുചീകരണ തൊഴിലാളികൾ എന്നിവരുടെ സേവനവും ആംബുലൻസ് സൗകര്യവും 24 മണിക്കൂറും ലഭിക്കും. രോഗികൾക്ക് ആവശ്യമായ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ടാകും. ചികിത്സയ്ക്ക് പുറമെ സ്രവം ശേഖരിക്കാനുള്ള സൗകര്യവും സെന്ററിൽ ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ചയോടെ സെന്റർ പ്രവർത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് സെന്റർ സജ്ജീകരിക്കുന്നത്. ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ സെന്റർ സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകി.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കീം പരീക്ഷ

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കേരള എഞ്ചിനീയറിംഗ് ആർക്കിടെക്ചർ ആന്റ്‌ മെഡിക്കൽ എൻട്രൻസ് (കീം) പരീക്ഷ ജില്ലയിൽ നടന്നത്. പരീക്ഷാ കേന്ദ്രങ്ങളിലെത്തിയ കുട്ടികളെ തെർമൽ സ്‌കാനിംഗ് നടത്തിയ ശേഷമാണ് പരീക്ഷയ്ക്കു കയറ്റിയത്. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ആവശ്യമായ പോലീസിനെ വിന്യസിച്ച് സാമൂഹിക അകലവും മറ്റ് കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. പരീക്ഷയുടെ ഒന്നാംഘട്ടത്തിനു ശേഷം ശുചിമുറികൾ അണുവിമുക്തമാക്കി. ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന പ്രദേശങ്ങളിലെ സ്‌കൂളുകളിൽ പ്രത്യേക ജാഗ്ര പുലർത്തിയിരുന്നു. സാമൂഹിക അകലം പാലിക്കാനും സാനിറ്റൈസർ നൽകാനും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മാർഗ നിർദ്ദേശങ്ങൾ നൽകാനുമായി ജില്ലാ ഭരണകൂടത്തിന്റെ ഡിസ്ട്രിക്ട് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ സന്നദ്ധ സേവകർ ഇവിടങ്ങളിലുണ്ടായിരുന്നു. കണ്ടെയിൻമെന്റ് സോണിൽ നിന്നും പരീക്ഷയ്‌ക്കെത്തിയവർക്കായി പ്രത്യേക ക്ലാസ് മുറികൾ ഒരുക്കിയിരുന്നു. പരീക്ഷയ്ക്ക് മുന്നോടിയായി കോർപറേഷന്റെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ സ്‌കൂൾ മുഴുവനായി അണുനശീകരണവും നടത്തിയിരുന്നു.

മെറ്റീരിയൽ കളക്ഷൻ സെന്റർ ഉദ്ഘാടനം ചെയ്തു

അമ്പൂരി പഞ്ചായത്തിലെ കൂട്ടപ്പു വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച മെറ്റീരിയൽ കളക്ഷൻ സെന്ററിന്റെ ഉദ്ഘാടനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ   നിർവ്വഹിച്ചു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ശേഖരിക്കുന്ന പ്‌ളാസ്റ്റിക്ക് മാലിന്യങ്ങൾ കളക്ഷൻ സെന്ററിൽ കൊണ്ടുവന്ന് തരംതിരിച്ച ശേഷം പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പ്രോസസ്സിംഗ് സെന്ററിലെത്തിച്ച് പ്രോസസ്സ് ചെയ്ത് റോഡ് ടാറിംഗ് പോലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കും. പ്ലാസ്റ്റിക് ശേഖരണത്തിനായി മൂന്ന് ലക്ഷം രൂപ വീതം ചെലവിൽ രണ്ട് ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ കേരള ഓട്ടോമൊബൈലിൽ നിന്നും വാങ്ങും.  പഞ്ചായത്തിൽ നിന്നും രണ്ട് വനിതകളെ തെരഞ്ഞെടുത്ത് മതിയായ പരിശീലനം നൽകി ഓട്ടോ ഓടിക്കാൻ സജ്ജരാക്കും. കൂടാതെ ഓരോ വാർഡിൽ നിന്നും രണ്ട് കുടുംബശ്രീ പ്രവർത്തകരെ മെറ്റീരിയൽ ശേഖരണത്തിനായും നിയോഗിക്കും. അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് ബി. ഷാജിയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടനചടങ്ങിൽ വാർഡ് മെമ്പർമാർ, പൊതുപ്രവർത്തകർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ പങ്കെടുത്തു. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്.

ഇന്റർവ്യു മാറ്റിവച്ചു

ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽവച്ച് ജൂലൈ 22ന് നടത്താൻ നിശ്ചയിച്ചിരുന്ന പാർട്ട് ടൈം സ്വീപ്പർ തസ്തികയിലെ ഇന്റർവ്യു മാറ്റിവച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അപേക്ഷ ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിൽ 2020-21 അദ്ധ്യയന വർഷത്തെ പ്ലസ് വൺ സയൻസ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കൂൾ ഓഫീസ്, പട്ടികവർഗ വികസന വകുപ്പിന്റെ പ്രോജക്ട് ഓഫീസുകൾ, ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസുകൾ, മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ സൗജന്യമായി അപേക്ഷ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജാതി, വരുമാനം, മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ് പ്രവേശനത്തിയന് യോഗ്യത. വിദ്യാഭ്യാസം പൂർണമായും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0472-2846631.

Leave a Reply

Your email address will not be published. Required fields are marked *