സ്വര്‍ണക്കടത്ത് കേസ് ; സരിത്തും സ്വപ്‌നയും ഒന്നും രണ്ടും പ്രതികള്‍; എഫ്‌ഐആര്‍ തയ്യാര്‍

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) എഫ്‌ഐആര്‍ തയാറാക്കി. മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാറും സ്വപ്ന സുരേഷും ഒന്നും രണ്ടും പ്രതികള്‍. കൊച്ചി സ്വദേശിയായ ഇപ്പോള്‍ വിദേശത്തുള്ള ഫൈസല്‍ ഫരീദാണു മൂന്നാം പ്രതി. ഇയാള്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് എഫ്‌ഐആര്‍ പറയുന്നു. സ്വപ്ന സുരേഷിന്റെ ബിനാമിയായി സംശയിക്കപ്പെടുന്ന തിരുവനന്തപുരം സ്വദേശി സന്ദീപ് നായര്‍ നാലാംപ്രതി.

മൂന്നാം പ്രതിയായി ചേര്‍ത്തിട്ടുള്ള കൊച്ചി സ്വദേശി ഫൈസല്‍ ഫരീദിനെ ആദ്യം പ്രതി ചേര്‍ത്തിരുന്നില്ല. എന്നാല്‍ ഇയാള്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് സരിത് എന്‍ഐഎയ്ക്ക് നല്‍കിയിരിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഫെസല്‍ ഫരീദിനെ കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഇയാളാണ് സ്വര്‍ണം കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ കാര്‍ഗോയായി അയച്ചതെന്നും സരിത് മൊഴി നല്‍കിയിട്ടുണ്ട്.

യുഎപിഎ നിയമത്തിലെ 16, 17, 18 വകുപ്പുകള്‍ ചുമത്തിയാണ് എന്‍ഐഎ കേസ് റജിസ്റ്റര്‍ ചെയ്തത്. ഭീകരപ്രവര്‍ത്തനത്തിനായി ആളുകളെ ചേര്‍ക്കുക, ഇതിനായി ഫണ്ട് ചിലവഴിക്കുക എന്നീ ഗുരുതരകുറ്റങ്ങള്‍ക്ക് ചുമത്തുന്ന വകുപ്പുകളാണിത്. സ്വര്‍ണക്കടത്തില്‍നിന്നു ലഭിച്ച പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചോ എന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്.

എന്‍ഐഎ കേസുകളില്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടത് എന്‍ഐഎ കോടതികളാണെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സ്വപ്നയ്ക്ക് എന്‍ഐഎയുടെ എഫ്‌ഐആറിന്റെ പകര്‍പ്പ് നല്‍കാനും കോടതി നിര്‍ദേശിച്ചു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം, കള്ളക്കടത്തും കസ്റ്റംസ് നടപടികളും അടക്കമുള്ള കാര്യങ്ങളില്‍ വന്ന നിയമലംഘനങ്ങളെല്ലാം കസ്റ്റംസ് തന്നെയാകും അന്വേഷിക്കുക.

Leave a Reply

Your email address will not be published. Required fields are marked *