കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഹര്‍ജി കോടതി വിധി പറയാന്‍ മാറ്റി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. പ്രതിക്കെതിരെ തെളിവുണ്ടെന്നും പ്രഥമ വിവര റിപ്പോര്‍ട്ടിലും ഇരയുടെ രഹസ്യമൊഴിയിലും ബിഷപ്പ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. പ്രതി ജാമ്യത്തിലാണെന്നും തെറ്റായ വിവരങ്ങള്‍ ധരിപ്പിച്ച്‌ കേസ് നീട്ടിക്കൊണ്ടുപോവാനാണ് ശ്രമമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോട്ടയം സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്ന് ബിഷപ്പ് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയാണ് ജസ്റ്റിസ് വി.ഷെര്‍സി പരിഗണിച്ചത്. തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ബിഷപ്പിന്റെ വാദം. കേസിലെ വിചാരണയുടെ ഭാഗമായി ജൂലൈ ഒന്നിന് ബിഷപ്പ് കോട്ടയം കോടതിയില്‍ ഹാജരാവണം.

Leave a Reply

Your email address will not be published. Required fields are marked *