സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു

തൃശ്ശൂർ: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ.ആർ സച്ചിദാനന്ദൻ – 49) അന്തരിച്ചു. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടർന്നാണ് അദ്ദേഹത്തിന്റെ നില ഗുരുതരമായത്. തുടർന്ന് അദ്ദേഹത്തെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സച്ചി മരണത്തിന് കീഴടങ്ങി.

നിരവധി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ സച്ചി രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്. പൃഥ്വിരാജിനെ നായകനാക്കി 2015 ൽ പുറത്തിറങ്ങിയ അനാർക്കലിയാണ് ആദ്യ ചിത്രം. പൃഥ്വി-ബിജു മേനോൻ കോമ്പോയിൽ ഒരുങ്ങിയ അയ്യപ്പനും കോശിയും 2020 ലെ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറി.

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരാണ് സച്ചിയുടെ ജനനം. കൊമേഴ്സിൽ ബിരുദവും, എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കിയ സച്ചി കേരള ഹൈക്കോടതിയിൽ എട്ട് വർഷത്തോളം പ്രാക്ടീസ് ചെയ്തിരുന്നു.

മലയാള സിനിമയിലെ ഹിറ്റ് കോമ്പോ ആയിരുന്നു സച്ചി-സേതു തിരക്കഥാകൃത്തുക്കൾ. പൃഥ്വിരാജ് നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ചോക്ലേറ്റ്സിന് തിരക്കഥ ഒരുക്കിയാണ് ഈ കൂട്ടുകെട്ടിന്റെ തുടക്കം. ചോക്ലേറ്റിന്റെ വിജയത്തോടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി സച്ചി -സേതു കോമ്പോ മാറി. റോബിൻഹുഡ്, മെയ്ക്കപ്പ് മാൻ, സീനിയേഴ്സ് എന്നീ ചിത്രങ്ങൾ മികച്ച വിജയം നേടി. 2011 ൽ പുറത്തിറങ്ങിയ ഡബിൾസ് എന്ന ചിത്രത്തിന്റെ പരാജയത്തോടെ ഈ കൂട്ടുകെട്ട് വേർപിരിഞ്ഞു.

പിന്നീട് റൺ ബേബി റൺ, ചേട്ടായീസ്, ഷെർലക് ടോംസ്, രാമലീല എന്നീ ചിത്രങ്ങളിൽ സ്വതന്ത്ര തിരക്കഥാകൃത്തായി.

2015-ൽ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ അനാർക്കലിയിലൂടെ സംവിധാനരംഗത്തേക്ക്. ചിത്രം മികച്ച വിജയമായി. 2020-ൽ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും ഈ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ചാർട്ടിൽ ഇടം നേടി. ഈ രണ്ട് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയതും സച്ചിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may missed