അത്യാഹിതവിഭാഗത്തില്‍ കയറി അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ആറ്റിങ്ങല്‍: വലിയകുന്ന് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ കയറി അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും നേരെ കയ്യേറ്റശ്രമം. ദേശീയപാതയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാഹനത്തിനു സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കവും തല്ലുമാണ് റോഡില്‍ തുടങ്ങി ആശുപത്രിക്കകത്തേക്കെത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ആറ്റിങ്ങലിലെ മാര്‍ക്കറ്റ് റോഡിലും മൂന്നുമുക്കിലുമുള്ളവരും തമ്മിലായിരുന്നു സംഘര്‍ഷം. മാര്‍ക്കറ്റ് റോഡിലുള്ള അക്രമിസംഘമാണ് ആശുപത്രിക്കകത്തു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

മൂന്നുമുക്ക് ഭാഗത്തുള്ളവര്‍ക്കാണു മര്‍ദനമേറ്റത്. ഇന്നലെ ഉച്ചയോടെയാണു സംഭവങ്ങളുടെ തുടക്കം. കല്ലമ്പലം ഭാഗത്തുനിന്ന് രണ്ടു കാറുകളിലായി വന്നവര്‍ തമ്മിലായിരുന്നു അടി. കല്ലമ്പലത്തുനിന്ന് ആറ്റിങ്ങലിലേക്കുളള യത്രയ്ക്കിടെ കടുവയില്‍പള്ളി ഭാഗത്തുവച്ച് മൂന്നുമുക്ക് സ്വദേശിയും മാര്‍ക്കറ്റ് റോഡ് സ്വദേശിയായ ആളുമായി കാറിനു സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായി. ഇരുവരും വഴിനീളെ വഴക്കിട്ട് മൂന്നുമുക്കിനടുത്തു വച്ച് ഒരുവിഭാഗം എതിര്‍വിഭാഗത്തിന്റെ കാര്‍ തടയുകയും പരസ്പരം വാക്കേറ്റമുണ്ടാവുകയും അടിയില്‍ കലാശിക്കുകയും ചെയ്തു.

സംഘര്‍ഷത്തില്‍ മൂന്നുമുക്ക് സ്വദേശിയായ അജിത്തിന്(44) മര്‍ദനമേറ്റു. അജിത് വലിയകുന്ന് ആശുപത്രിയില്‍ ചികിത്സ തേടി. ഇതിനിടെ, അജിത്തിനെയും കൂട്ടരെയും തിരഞ്ഞെത്തിയ പത്തോളം പേരടങ്ങുന്ന അക്രമിസംഘം വൈകിട്ട് അഞ്ചരയോടെ ആശുപത്രിക്കകത്തേക്ക് എത്തുകയും ആശുപത്രി ഉപകരണങ്ങള്‍ വലിച്ചെറിയുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെയടക്കം കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഒപ്പം, ആശുപത്രിക്കകത്തു മര്‍ദനമേറ്റു ചികിത്സ തേടിയവരെ ആക്രമിക്കാനും ശ്രമിച്ചു. സംഘര്‍ഷത്തിനിടെ അക്രമികള്‍ കുഞ്ഞുങ്ങളടക്കമുള്ള രോഗികള്‍ക്കു മുകളിലേക്കു വീണു. പരിഭ്രാന്തരായ രോഗികള്‍ പുറത്തേക്കോടി. ആശുപത്രി ഉപകരണങ്ങള്‍ക്കു കേട് പറ്റി. ഒരു മണിക്കൂറോളം ആശുപത്രിയുടെ പ്രവര്‍ത്തനം താറുമാറായി. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചു പൊലീസ് സ്ഥലത്തെത്തി ഏഴുപേരെ പിടികൂടി. ഉപകരണങ്ങള്‍ നശിപ്പിച്ചുവെന്നും ജോലി തടസ്സപ്പെടുത്തിയെന്നുമുള്ള ആശുപത്രി അധികൃതരുടെ പരാതിയില്‍ കേസെടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഇരുവിഭാഗത്തിന്റെയും മൊഴിയെടുത്ത് അന്വേഷണം നടത്തുമെന്നും കൂടുതല്‍ പേര്‍ അക്രമത്തിനു പിന്നിലുണ്ടെന്നാണു സൂചനയെന്നും ഇവരെ പിടികൂടുമെന്നും സിഐ: സുനില്‍, എസ്‌ഐ: തന്‍സീം എന്നിവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *