ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി; രാജ്യത്ത് എവിടെ നിന്നും ഇനി റേഷന്‍ വാങ്ങാം

ന്യൂഡല്‍ഹി: രാജ്യത്ത് എവിടെയും ഒരേ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച്‌ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ കഴിയുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സാമ്ബത്തിക പാക്കേജ് രണ്ടാം ഘട്ടം വിശദീകരിക്കവേയാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.
വണ്‍ നേഷന്‍ വണ്‍ റേഷന്‍ പദ്ധതി പ്രകാരം 67,000 കാര്‍ഡ് ഉടമകള്‍ക്ക് ആഗസ്റ്റ് മാസത്തോടെ രാജ്യത്തെവിടെ നിന്നും റേഷന്‍ കാര്‍ഡ് ഉപയോഗിച്ച്‌ സാധനങ്ങള്‍ വാങ്ങാം. 2002 മാര്‍ച്ചില്‍ പദ്ധതി 100 ശതമാനം നടപ്പിലാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ഇതുപ്രകാരം ഒരു റേഷന്‍ കാര്‍ഡ് രാജ്യത്ത് എവിടെയും ഉപയോഗിക്കാം. അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം റേഷന്‍ കാര്‍ഡ് രാജ്യത്ത് എവിടെയും ഉപയോഗിച്ച്‌ സാധനങ്ങള്‍ വാങ്ങാന്‍ ഇതോടെ സാധിക്കും. നിലവില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് റേഷന്‍ വാങ്ങാന്‍ കഴിയില്ല.

അതിഥി തൊഴിലാളികള്‍ക്ക് ന്യായമായ നിരക്കില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. പിഎം ആവാസ് യോജന വഴിയാണ് പദ്ധതി നടപ്പിലാക്കുക. നഗരങ്ങളില്‍ കുറഞ്ഞ വാടകയ്ക്ക് താമസ സൗകര്യമൊരുക്കാന്‍ ഇതുവഴി സാധിക്കും. സര്‍ക്കാര്‍ നടത്തുന്ന ഭവന നിര്‍മ്മാണ പദ്ധതികള്‍ ഇതിനായി ഉപയോഗിക്കും.അതിഥി തൊഴിലാളികള്‍ക്കായി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

അതിഥി തൊഴിലാളികള്‍ക്ക് 5 കിലോ ഗോതമ്ബ് അല്ലെങ്കില്‍ അരി, 1 കിലോ കടല എന്നിവ 2 മാസത്തേക്ക് സര്‍ക്കാര്‍ നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കുടിയേറ്റ തൊഴിലാളികള്‍ നിലവില്‍ എവിടെയാണ് താമസിക്കുന്നത് ആ സംസ്ഥാനങ്ങളിലൂടെയാണ് വിതരണം ചെയ്യുന്നത്. ചുരുങ്ങിയത് 8 കോടി കുടിയേറ്റക്കാര്‍ക്ക് സൌജന്യ ഭക്ഷ്യധാന്യ വിതരണത്തില്‍ നിന്ന് പ്രയോജനം ലഭിക്കുമെന്നാണ് കരുതെന്ന് നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. ഇതിനായി ഖജനാവില്‍ നിന്ന് 3,500 കോടി രൂപ ചെലവാകുമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. സംസ്ഥാനങ്ങളിലെ മുഴുവന്‍ അതിഥി തൊഴിലാളികളെയും കണ്ടെത്തി പൂര്‍ണ്ണമായി ഭക്ഷ്യധാന്യങ്ങളുടെ വിതരണം നടപ്പിലാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്നും ഇതിനായുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നത് ഉള്‍പ്പെടെ ഈ നടപടികള്‍ നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് സീതാരാമന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed