ഇന്ത്യയ്ക്ക് പരമ്പര

നാഗ്പൂർ: ഹാട്രിക് സഹിതം ആറു വിക്കറ്റെടുത്ത് രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനവുമായി അരങ്ങുതകർത്ത യുവതാരം ദീപക് ചാഹറിന്റെ മികവിൽ മൂന്നാം ട്വന്റി20യിൽ ബംഗ്ലദേശിനെ 30 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് പരമ്പര. 3.2 ഓവറിൽഏഴു റൺസ് മാത്രം വഴങ്ങിയാണ് ചാഹർ ആറു വിക്കറ്റ് പിഴുതത്. ഇതോടെ, സിംബാബ്‌വെയ്ക്കെതിരെ നാല് ഓവറിൽ എട്ടു റണ്‍സ് വഴങ്ങി ആറു വിക്കറ്റ് പിഴുത ശ്രീലങ്കൻ താരം അജാന്ത മെൻഡിസിന്റെ അവിശ്വസനീയ പ്രകടനം ചാഹറിനു മുന്നിൽ വഴിമാറി. ഇന്ത്യ ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് 19.2 ഓവറിൽ 144 റൺസിനു പുറത്തുമായി. രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യൻ ബോളറുടെ ആദ്യ ഹാട്രിക് കൂടിയാണ് നാഗ്പുരിൽ പിറന്നത്

ബംഗ്ലദേശ് നിരയിൽ യുവതാരം മുഹമ്മദ് നയീമിനു മാത്രമാണു മികച്ച പ്രകടനം നടത്താൻ സാധിച്ചത്. 47 പന്തുകളിൽ 81 റൺസെടുത്ത നയീം കരിയറിലെ മികച്ച സ്കോർ കണ്ടെത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. നയിമിനു പുറമെ ബംഗ്ലദേശ് നിരയിൽ രണ്ടക്കം കണ്ടത് 27 റണ്‍സെടുത്ത മുഹമ്മദ് മിഥുന്‍ മാത്രം. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം തോറ്റ ഇന്ത്യ, പിന്നീടുള്ള രണ്ടു മത്സരങ്ങളും ജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *