പെരിയ: സിബിഐ വേണ്ടെന്നു വാദിക്കാന്‍ ഡല്‍ഹിയില്‍നിന്നെത്തുന്ന അഭിഭാഷകന് ഒറ്റത്തവണ ഹാജരാകുന്നതിന് 25 ലക്ഷം

തിരുവനന്തപുരം: പെരിയ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്നു വാദിക്കാന്‍ ഡല്‍ഹിയില്‍നിന്നെത്തുന്ന അഭിഭാഷകന് ഒറ്റത്തവണ ഹാജരാകുന്നതിന് 25 ലക്ഷംരൂപ. മുന്‍ സോളിസിറ്റര്‍ ജനറലും സീനിയര്‍ അഭിഭാഷകനുമായ രഞ്ജിത്ത് കുമാറിനാണ് 25 ലക്ഷം രൂപ അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. പെരിയ ഇരട്ടകൊലപാതക കേസ് സിബിഐ അന്വേഷിക്കണമെന്നു ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കിയാണ് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.  ഒന്നാം മോദി സർക്കാരിന്റെ കാലത്ത് സോളിസിറ്റർ ജനറലായിരുന്ന സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ രഞ്ജിത് കുമാറാണ് സർക്കാരിനു വേണ്ടി ഹാജരാകാൻ എത്തുന്നത്.

പൊലീസിന്റെ അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച ഉണ്ടായതായും കോടതി നിരീക്ഷിച്ചിരുന്നു. ഈ വിധിക്കെതിരെ വാദിക്കാനാണ് രഞ്ജിത്ത് കുമാറിന് 25 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഫീസ് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ അഡ്വക്കറ്റ് ജനറൽ ഹാജരാക്കിയ കത്ത് കണക്കിലെടുത്ത് ഇന്നലെത്തന്നെ ആഭ്യന്തര വകുപ്പ്(എം വിഭാഗം) വേഗത്തിൽ പണം അനുവദിച്ച് ഉത്തരവുമിറക്കി.

ഫലപ്രദമായി അന്വേഷിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പെരിയ കേസില്‍ പൊലീസിന്റെ കുറ്റപത്രം കോടതി റദ്ദാക്കിയത്. കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും ഫെബ്രുവരി 17നാണു വെട്ടിക്കൊന്നത്. ഇതു രാഷ്ട്രീയ കൊലപാതകമാണെന്നും വ്യക്തി വൈരാഗ്യത്തിന്റെ പേരിലുള്ള കൊലയല്ലെന്നും കോടതി വിലയിരുത്തി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബി.സുധീന്ദ്രകുമാര്‍ ഉത്തരവിട്ടത്. രാഷ്ട്രീയ സമ്മര്‍ദത്തില്‍ പൊലീസിനു നിഷ്പക്ഷമായി അന്വേഷിക്കാനായോ എന്നു സംശയമുണ്ടെന്നു കോടതി നിരീക്ഷിച്ചു. പെരിയ കൊലപാതകം സിപിഎം ആസൂത്രണം ചെയ്തതെന്ന ആരോപണം ശരിയാകാന്‍ സാധ്യതയുണ്ടെന്നും, അല്ലെങ്കില്‍ പ്രതികളായ പീതാംബരന്‍, ജിജിന്‍, ശ്രീരാഗ്, അശ്വിന്‍ എന്നിവരെ ഉദുമയിലെ പാര്‍ട്ടി ഓഫിസിലേക്ക് മാറ്റിയതെന്താണെന്നും കോടതി ചോദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *