ആൽഫൈൻ കൊലക്കേസിൽ ജോളിയെ അറസ്റ്റ് ചെയ്യാൻ അനുമതി

കോഴിക്കോട്: കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിനെ മൂന്നാമത്തെ കേസിലും അറസ്റ്റ് ചെയ്യാൻ കോടതിയുടെ അനുമതി. ജോളിയുടെ ഭർത്താവ് ഷാജു സഖറിയാസിന്റെയും കൊല്ലപ്പെട്ട സിലിയുടെയും മകൾ ആൽഫൈനിനെ കൊലപ്പെടുത്തിയ കേസിൽ ജോളിയെ അറസ്റ്റ് ചെയ്യാനാണ് കൊയിലാണ്ടി മജിസ്ട്രേട്ട് കോടതി അനുമതി നൽകിയത്.

അന്വേഷണ ഉദ്യോഗസ്ഥനായ തിരുവമ്പാടി എസ്എച്ച്ഒ ഇൻസ്പെക്ടർ ഷാജു ജോസഫ് അടുത്ത ദിവസം കോഴിക്കോട് ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തും. ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയായ എം.എസ്.മാത്യുവിനെ അറസ്റ്റ് ചെയ്യാനും കോടതി അനുമതി നൽകി. റോയ് തോമസ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന മാത്യുവിന്റെ അറസ്റ്റ് പൊലീസ് സ്പെഷൽ സബ് ജയിലിലെത്തി രേഖപ്പെടുത്തി. അടുത്ത ദിവസം ഇയാളെ കോടതിയിൽ ഹാജരാക്കും.

സിലി വധക്കേസിലെ കസ്റ്റഡി കാലാവധി പൂർത്തിയാക്കി ജോളിയെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ആൽഫൈൻ വധക്കേസിൽ ജോളിയെയും സിലി വധക്കേസിൽ മാത്യുവിനെയും അറസ്റ്റ് ചെയ്യാനുള്ള അനുമതിക്കായി പൊലീസ് അപേക്ഷ നൽകിയത്. 2014 മേയ് മൂന്നിനാണ് ഒന്നര വയസ്സുകാരിയായ ആൽഫൈൻ കൊല്ലപ്പെടുന്നത്. സയനൈഡ് പുരട്ടിയ ബ്രഡ് ഇറച്ചിക്കറിയിൽ മുക്കി നൽകി ആൽഫൈനെ കൊലപ്പെടുത്തിയെന്നാണു കേസ്.

Leave a Reply

Your email address will not be published. Required fields are marked *