ശരിദൂരമാണു ശരിയെന്നു കാലം തെളിയിക്കും: എൻഎസ്എസ്

കോട്ടയം : വിശ്വാസ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വിശ്വാസികള്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിച്ചില്ല എന്നതിനാലാണു രാഷ്ട്രീയമായി സമദൂരത്തില്‍നിന്നു ശരിദൂരത്തിലേക്കു മാറിയതെന്നു എന്‍എസ്എസ്.

ഈശ്വരവിശ്വാസം ഇല്ലാതാക്കുവാന്‍ സംസ്ഥാന സർക്കാർ വിശ്വാസികള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും എതിരായി നിലകൊണ്ടു. നവോത്ഥാനത്തിന്‍റെ പേരില്‍ ജനങ്ങളില്‍ വിഭാഗീയത വളര്‍ത്തിയും ജാതി-മത ചിന്തകള്‍ ഉണര്‍ത്തിയും മുന്നാക്ക-പിന്നാക്ക ചേരിതിരിവുണ്ടാക്കി രാഷ്ട്രീയമുതലെടുപ്പിനു ശ്രമിക്കുന്നതാണ് മറ്റൊരു കാരണം.

ഒരു വിഭാഗത്തെ താലോലിക്കുകയും അവരെ പ്രീതിപ്പെടുത്താന്‍ മുന്നാക്ക വിഭാഗത്തെമാത്രം ബോധപൂര്‍വമായി അവഗണിക്കുകയുമാണു സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. മുന്നാക്ക വിഭാഗങ്ങള്‍ക്കും അവരില്‍ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവര്‍ക്കും ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങളെല്ലാം ഈ സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്ന കാര്യം പലതവണ അക്കമിട്ടു നിരത്തിയിട്ടുള്ളതാണ്. അതിനൊന്നും വ്യക്തമായ മറുപടി സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

മുന്നാക്കവിഭാഗം ഒഴിച്ചുള്ള മറ്റു വിഭാഗങ്ങളില്‍ എത്ര ജാതി ഉണ്ട് എന്നതിനെക്കുറിച്ചുള്ള വ്യക്തമായ സ്ഥിതിവിവരക്കണക്ക് സര്‍ക്കാരിന്‍റെ പക്കലുണ്ട്. മുന്നാക്ക വിഭാഗത്തില്‍ എത്ര ജാതി ഉണ്ടെന്നതിനെക്കുറിച്ചുള്ള കണക്ക് ആദ്യത്തെ മുന്നാക്ക സമുദായ സ്ഥിരം കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രസിദ്ധീകരിച്ചിട്ടില്ല എന്നുള്ളതു ആ വിഭാഗത്തോടുള്ള അവഗണന എടുത്തുകാണിക്കുന്നു. ദേവസ്വംബോര്‍ഡിലെ 10 ശതമാനം മുന്നാക്കസംവരണം ആയാലും കേന്ദ്ര സർക്കാർ അനുവദിച്ച 10 ശതമാനം സംവരണം ആയാലും നടപ്പാക്കാതിരിക്കാനോ കാലതാമസം വരുത്താനോ വേണ്ടിയുള്ള ബോധപൂര്‍വമായ നീക്കമാണു ഉണ്ടായിട്ടുള്ളത്.

മുന്നാക്കം എന്നുപറഞ്ഞാല്‍ നായര്‍സമുദായം മാത്രമല്ല, 167 ജാതികള്‍ ഉണ്ടെന്നാണു മനസ്സിലാക്കാന്‍ കഴിയുന്നത്. അവരോടു സര്‍ക്കാര്‍ കാണിക്കുന്ന ഈ അനീതിക്കും അവഗണനയ്ക്കും എതിരെയാണ് എന്‍എസ്എസിനു പ്രതികരിക്കേണ്ടി വരുന്നത്. ഈ എതിര്‍പ്പ് സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി അനര്‍ഹമായി എന്തെങ്കിലും നേടാനോ വഴിവിട്ടുള്ള ആനുകൂല്യങ്ങള്‍ക്കോ വേണ്ടിയല്ല എന്നുള്ള കാര്യം ഭരണകര്‍ത്താക്കളും ജനങ്ങളും മനസ്സിലാക്കണം. വിശ്വാസ സംരക്ഷണത്തിനും മുന്നാക്ക വിഭാഗങ്ങള്‍ക്കു നീതി ലഭിക്കുന്നതിനും വേണ്ടിയാണ് ഈ ഉപതിരഞ്ഞെടുപ്പുകളില്‍ ശരിദൂരം കണ്ടെത്തണമെന്നു പറയേണ്ടിവന്നത്.

ആ നിലപാട് നാടിന്‍റെ നന്മയ്ക്കുവേണ്ടിയാണ്. ഇക്കാര്യത്തില്‍ പ്രത്യേക അവകാശവാദമോ ആശങ്കയോ ഇല്ല. ശരിദൂരമാണെങ്കിലും എൻഎസ്എസ് പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി അവര്‍ക്കിഷ്ടമുള്ള നിലപാടുകള്‍ സ്വീകരിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ യാതൊരു വിലക്കും ഉണ്ടായിട്ടില്ല. അതനുസരിച്ചു തിരുവനന്തപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ടവര്‍, അവരവരുടെ അഭിപ്രായമനുസരിച്ചുള്ള പ്രവര്‍ത്തനം നടത്തിയതിനെ ചില മാധ്യമങ്ങള്‍ കാര്യമറിയാതെ വിമര്‍ശിച്ചു.

അതേറ്റെടുത്തു ചിലര്‍ എൻഎസ്എസിനെതിരെ നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവുമായ പ്രചാരണം നടത്തി. ‘ഈ ഉപതിരഞ്ഞെടുപ്പുകളില്‍ എൻഎസ്എസ് സാമുദായികമായ സ്വാധീനം ഉപയോഗിച്ചു യുഡിഎഫിനു വേണ്ടി വോട്ടുപിടിച്ചു’ എന്നുള്ള അവരുടെ ആരോപണത്തിനു യാതൊരു അടിസ്ഥാനവുമില്ല. ഉപതിരഞ്ഞെടുപ്പുകളുടെ ഫലം എന്തുതന്നെയായാലും ശരിദൂരമാണു ശരിയെന്ന് കാലം തെളിയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അവിടെ രാഷ്ട്രീയത്തിനോ സമുദായത്തിനോ ആയിരിക്കില്ല, സാമൂഹികനീതിക്കായിരിക്കും പ്രാധാന്യം– എൻഎസ്എസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You may missed