ബിജെപിയിൽ ഗ്രൂപ്പ് അതിപ്രസരം: പി.സി.ജോർജ്

കോട്ടയം : എൻഡിഎ യോഗങ്ങളിൽ ഇനിമുതൽ പങ്കെടുക്കില്ലെന്നു ജനപക്ഷം സെക്യുലർ രക്ഷാധികാരി പി.സി. ജോർജ് എംഎൽഎ. മുന്നണി സംവിധാനങ്ങളുടെ ഒരു മര്യാദയും ബിജെപി കാണിക്കുന്നില്ല. എൻഡിഎ ഒരു തട്ടിക്കൂട്ട് സംവിധാനമാണ്. പാലായിലും കോന്നിയിലും തോൽക്കാൻ വേണ്ടിയാണ് ബിജെപി മത്സരിച്ചതെന്ന് പി.സി.ജോർജ് കുറ്റപ്പെടുത്തി.

വട്ടിയൂർക്കാവിൽ മൂന്നു ദിവസം കുമ്മനത്തിനുവേണ്ടി പാർട്ടി പ്രചാരണം നടത്തി. പിന്നെ സ്ഥാനാർഥിയെ മാറ്റി. ഗ്രൂപ്പിസത്തിന്റെ അതിപ്രസരമാണ് പാർട്ടിയിൽ. ബിജെപി നേരിടുന്ന അപചയം വലുതാണ്. ഇത് ഒരു മുന്നണിയാണോയെന്നും പി.സി.ജോർജ് ചോദിച്ചു. ഇനി ഇങ്ങനെ എത്രനാൾ ബിജെപിയിൽ ഉണ്ടാകുമെന്നു പറയാനാകില്ലെന്നും ജോർജ് തുറന്നടിച്ചു.

‘‘ഉപതിരഞ്ഞെടുപ്പിന്റെ കനത്ത തോൽവിയിൽ നിൽക്കുമ്പോൾ ഒളിച്ചോടുന്നത് ശരിയല്ല. മരണം നടന്നാൽ ചടങ്ങുകൾ കഴിഞ്ഞതിനു ശേഷമല്ലേ മറ്റു കാര്യങ്ങൾ സംസാരിക്കാറുള്ളു. അതുകൊണ്ട് അൽപം സാവകാശം വേണം. പിന്നീട് കൂടുതൽ കാര്യങ്ങൾ പറയും. കോന്നിയിൽ സുരേന്ദ്രനെ നിർത്തിയത് തോൽപിക്കാനാണ്. പാലായിലും ഇതു തന്നെയായിരുന്നു ലക്ഷ്യം. ഇതിന്റെ പിന്നിലെ ഉദ്ദേശം പിന്നെ പറയാം.’’

റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ട് നിവേദനം നൽകുമെന്നും പി.സി. ജോർജ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *