ബ്ലാസ്റ്റേഴ്സ് തോറ്റു (0–1)

കൊച്ചി : മത്സരത്തിന്റെ 99 ശതമാനം സമയവും പിടിച്ചുനിന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് അവസാന 10 മിനിറ്റിൽ നിലതെറ്റി. അശ്രദ്ധയും അനാസ്ഥയും  മുംബൈ മുതലെടുത്തു. ബ്ലാസ്റ്റേഴ്സ് പ്രതിരോധം വരുത്തിയ അവിശ്വസനീയമായ പിഴവിൽനിന്ന് തുനീസിയൻ താരം മുഹമ്മദ് അമീൻ ചെർമിതി നേടിയ ഏക ഗോളിൽ മുംബൈ സിറ്റി എഫ്സിക്ക് ഐഎസ്എൽ ആറാം സീസണിൽ വിജയത്തുടക്കം.

പന്തടക്കത്തിലും പാസിങ്ങിലും ബ്ലാസ്റ്റേഴ്സ് എതിരാളികളേക്കാൾ ഒരുപടി മുന്നിൽനിന്ന മത്സരമാണ് ഒരുനിമിഷത്തെ അശ്രദ്ധയിൽ അടിയറവു വയ്ക്കേണ്ടിവന്നത്. കൂടുതൽ സമയവും മധ്യനിരയിൽ ഒതുങ്ങിപ്പോയ കളിയിൽ ക്യാപ്റ്റൻ ബർത്തലോമിയോ ഓഗ്ബെച്ചെയ്ക്ക് പലപ്പോലും പന്തെത്തിക്കാനാകാതെ പോയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. സഹൽ അബ്ദുൽ സമദിനേപ്പോലൊരു ക്രിയേറ്റീവ് മിഡ്ഫീൽഡറെ അവസാന 15 മിനിറ്റിൽ മാത്രം കളത്തിലിറക്കിയ പരിശീലകൻ എൽകോ ഷാട്ടോരിയുടെ തന്ത്രത്തിലെ പിഴവു കൂടിയാണ് ഈ പരാജയം. ഇൻജറി ടൈമിൽ ഓഗ്ബെച്ചെ തൊടുത്ത ആ പൊള്ളുന്ന ഷോട്ടിന് പന്തെത്തിച്ചത് സഹലായിരുന്നു! തുടർച്ചയായ രണ്ടാം മത്സരത്തിലും ഗാലറിയിൽ ആവേശം തീർത്ത മഞ്ഞപ്പടയുടെ പ്രതീക്ഷകളും അമീൻ ചെർമിതിയുടെ ഒരേയൊരു ഗോളിൽ മുംബൈ തകർത്തുകളഞ്ഞു.

ഇനി നവംബർ രണ്ടിന് ഐഎസ്എല്ലിലെ നവാഗതരയാ ഹൈദരാബാദ് എഫ്സിക്കെതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം അങ്കം. ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എടികെയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed