മുഖ്യമന്ത്രിയുടെ പ്രസ്താവന കള്ളം: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ശബരിമലയുടെ വികസനത്തിനായി ഇടതുസർക്കാർ മൂന്ന് വർഷം കൊണ്ട് 1273 കോടി ചെലവഴിച്ചെന്നും യു.ഡി.എഫ് സർക്കാർ 212 കോടിയേ ചെലവഴിച്ചുള്ളൂ എന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന അവാസ്തവമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശബരിമലയുടെ വികസനത്തിനായി ഇടതുസർക്കാർ ഇതുവരെ ചെലവഴിച്ചത് 47.4 കോടി മാത്രമാണ്. യു.ഡി.എഫ് സർക്കാരിന്റെ അഞ്ച് വർഷക്കാലയളവിൽ 1500 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്തി.

എൽ.ഡി.എഫ് സർക്കാർ വന്നശേഷം 2016-17ലും 2017-18ലും 25 കോടി വീതവും 2018-19ൽ 28 കോടിയും ബഡ്ജറ്റിൽ വകയിരുത്തിയതേയുള്ളൂ. കിഫ്ബി വഴി 141.75 കോടി ഉൾപ്പെടെ ശബരിമലയുമായി ബന്ധപ്പെട്ട് 739 കോടി ചെലവഴിക്കുമെന്ന് നടപ്പു സാമ്പത്തികവർഷത്തെ ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞെങ്കിലും ഒരു രൂപ പോലും ചെലവഴിച്ചില്ല. ശബരിമലയിലെ വരുമാനനഷ്ടം നികത്താൻ പ്രഖ്യാപിച്ച 100 കോടിയും നൽകിയില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയെങ്കിൽ ശബരിമലയിൽ ഓരോ മേഖലയിലും ബഡ്ജറ്റിൽ വകയിരുത്തിയതും ചെലവഴിച്ചതും സംബന്ധിച്ച വിശദമായ കണക്കുകൾ പുറത്തുവിടണം.

ശബരിമല മാസ്റ്റർപ്ലാൻ നടപ്പാക്കാനായി ആദ്യമായി ബഡ്ജറ്റിൽ തുക വകകൊള്ളിച്ചത് കഴിഞ്ഞ യു.ഡി.എഫ് സർക്കാരാണ്. ഈ ആവശ്യത്തിന് മാത്രം 150 കോടി ചെലവിട്ടു. ശബരിമല റോഡ് വികസനത്തിന് 640 കോടിയും പമ്പയിലും സന്നിധാനത്തും ആശുപത്രികളും സ്ഥാപിച്ചു. കവനന്റ് അനുസരിച്ച് 1949 മുതൽ നൽകിവന്ന 40 ലക്ഷം രൂപയുടെ ഗ്രാന്റ് 80 ലക്ഷമായി വർദ്ധിപ്പിച്ചത് എ.കെ. ആന്റണിയുടെ 2001ലെ സർക്കാരായിരുന്നെന്നും ഉമ്മൻചാണ്ടി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *