മോദി മികച്ച നടൻ : എ.കെ.ആന്റണി

കോന്നി: ശബരിമല വിഷയത്തില്‍ ഭക്തർക്കൊപ്പമെന്ന് അവകാശപ്പെട്ട ബിജെപി വോട്ടു രാഷ്ട്രീയമാണ് കളിച്ചതെന്ന്‌ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി.
. ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ നരേന്ദ്ര മോദിയാണ്. രജനികാന്തും അമിതാഭ് ബച്ചനും മോദിക്കു പിന്നിലെ നിൽക്കു. കോർപറേറ്റുകൾക്കു വേണ്ടിയാണ് അദ്ദേഹം ഭരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം കൈകാര്യം ചെയ്തതിൽ തെറ്റിപ്പോയി എന്ന് പിണറായി വിജയൻ ഇനിയെങ്കിലും പറയണമെന്ന്  എ.കെ.ആന്റണി പറഞ്ഞു.
കോടിയേരി ബാലകൃഷ്ണൻ തെറ്റ് ഏറ്റു പറഞ്ഞിട്ടും പിണറായി ഇപ്പോഴും പഴയ നിലപാടിലാണ്. പിഴവു സംഭവിച്ചുവെന്നു തോന്നുന്നുണ്ടെങ്കിൽ അതു തിരഞ്ഞെടുപ്പിനു മുൻപ് പറയണം. എത്രയോ സുപ്രീം കോടതി വിധികൾ ശീതീകരണിയിൽ വച്ചവരാണ് ശബരിമലയുടെ കാര്യത്തിൽ തിടുക്കം കാട്ടിയത്.

2021ൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ റബറിന്റെ താങ്ങുവില 200 രൂപയാക്കുമെന്നും
എ.കെ.ആന്റണി പറഞ്ഞു. . നടക്കുന്ന കാര്യം മാത്രമേ ഉറപ്പു പറയാറുള്ളു. എന്തുകാര്യം വന്നാലും നോക്കട്ടേയെന്നു പറയുന്ന തന്റെ സ്വഭാവത്തെ സഹപ്രവർത്തകർ പോലും വിമർശിക്കുന്നതാണ്. എന്നാൽ, ഇക്കാര്യത്തിൽ താൻ ഉറപ്പു നൽകുകയാണെന്നും താങ്ങുവില 200 രൂപയാക്കുമെന്നും ആന്റണി പറഞ്ഞു.

80 രൂപ വിലയുണ്ടായിരുന്നപ്പോൾ 150 രൂപ താങ്ങുവില നൽകിയത് യുഡിഎഫ് സർക്കാരാണ്. ഇപ്പോൾ 110 രൂപ വിലയുള്ളപ്പോൾ പോലും താങ്ങുവില നൽകാൻ പിണറായി സർക്കാരിനു മനസില്ല. കേന്ദ്ര സർക്കാരിനും നരേന്ദ്രമോദിക്കും കേരള സർക്കാരിനും പിണറായി വിജയനുമുള്ള താക്കീതാവണം ഉപതിരഞ്ഞെടുപ്പു ഫലങ്ങളെന്നും ആന്റണി പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി പി.മോഹൻരാജിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു കോന്നിയിൽ എത്തിയതായിരുന്നു ആന്റണി.

Leave a Reply

Your email address will not be published. Required fields are marked *