വാദം പൂര്‍ത്തിയായി;അയോധ്യക്കേസ് വിധിപറയാൻ മാറ്റി

ന്യൂഡൽഹി: അയോധ്യക്കേസില്‍ വാദം പൂര്‍ത്തിയാക്കി കേസ് വിധിപറയാനായി മാറ്റി. അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ എത്തിയ 14 ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അ‍ഞ്ചംഗ ഭരണഘടന ബഞ്ച് വാദം കേട്ടത്. ചീഫ് ജസ്റ്റിസ്  വിരമിക്കുന്നതിനാൽ അടുത്ത മാസം പതിനേഴിനു മുൻപ് വിധിയുണ്ടായേക്കും.

ഓഗസ്റ്റ് 6-ന് ആരംഭിച്ച വാദം കേൾക്കൽ 40–ാംദിവസത്തിലേയ്ക്ക് കടന്ന സാഹചര്യത്തിൽ ഉടന്‍
തീരുമാനം ഉണ്ടാകുമെന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വ്യക്തമാക്കിയിരുന്നു. കേസിൽ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭ സമർപ്പിച്ച ഹർജി തള്ളിയിരുന്നു.

ഇരുവിഭാഗത്തിന്റെയും അഭിഭാഷകര്‍ കൊമ്പുകോര്‍ത്തപ്പോള്‍ ഒരു ഘട്ടത്തില്‍ ചീഫ് ജസ്റ്റിസിന് ശക്തമായി ഇടപെടേണ്ട സാഹചര്യമാണ് ഉണ്ടായത്. അയോധ്യ, ശബരിമല കേസുകളിലേതടക്കം സുപ്രധാന വിധികള്‍ ഒരു മാസത്തിനു ഉള്ളില്‍ പ്രസ്താവിക്കാന്‍ ഇരിക്കെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഒക്ടോബര്‍ 18 മുതല്‍ 31 വരെ ദുബായ്, കെയ്‌റോ, ബ്രസീല്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നടത്താനിരുന്ന വിദേശസന്ദർശനം മാറ്റിവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *