2020 ഫെബ്രുവരി വരെ പാക്കിസ്ഥാൻ ഗ്രേലിസ്റ്റിൽ

ഇസ്‌ലാമാബാദ്: 2020 ഫെബ്രുവരി വരെ പാക്കിസ്ഥാൻ എഫ്എടിഎഫിന്റെ (ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സ്) നിരീക്ഷണപ്പട്ടികയിൽ (ഗ്രേ ലിസ്റ്റ്) തുടരുമെന്നു റിപ്പോർട്ട്. ഭീകരതയ്ക്കു പണം ലഭ്യമാകുന്നതു കുറയ്ക്കാൻ പാക്കിസ്ഥാൻ സ്വീകരിച്ച നടപടികൾ പാരിസിൽ നടന്ന എഫ്എടിഎഫ് യോഗം വിലയിരുത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതിൽ പോരായ്മകളുണ്ടെന്നാണു യോഗം വിലയിരുത്തിയതെന്ന് പാക്ക് മാധ്യമമായ ‘ഡോൺ’ റിപ്പോർട്ട് ചെയ്തു. ഭീകരതയെ തുരത്തുന്നതു പൂർണമായും നടപ്പാക്കണം. ഭീകരതയ്ക്കു സഹായകരമാകും വിധമുള്ള കള്ളപ്പണത്തിന്റെ ഒഴുക്ക് അടുത്ത നാലു മാസത്തിനകം തടയാനും കർശന നിർദേശം നൽകി.

ഭീകരത തുടച്ചുനീക്കുന്നതിൽ പാക്കിസ്ഥാൻ പൂർണമായും വിജയിച്ചു എന്നു പറയാറായിട്ടില്ല. അടിയന്തര ഇടപെടൽ ആവശ്യമാണ്. അതുകൊണ്ടു തന്നെ 2020 ഫെബ്രുവരി വരെ പാക്കിസ്ഥാൻ ഗ്രേ ലിസ്റ്റിൽ തുടരുമെന്നാണു എഫ്എടിഎഫിന്റെ നിലപാട്. അതിനുശേഷം ഇക്കാര്യം വീണ്ടും പരിഗണിക്കുമെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബർ 18ന് ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *