വാര്‍ത്താക്കുറിപ്പ്…. 2019 ഒക്ടോബർ 15

ചീഫ്സെക്രട്ടറി സബ്കളക്ടറെ സന്ദർശിച്ചു

തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റ പ്രജ്ഞാൽ പട്ടീലിനെ ചീഫ്സെക്രട്ടറി ടോം ജോസ് കളക്ടറേറ്റിലെ ചേംബറിൽ സന്ദർശിച്ചു. പൊതുജനങ്ങൾക്കായി മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന അന്തരീക്ഷമാണ് തിരുവനന്തപുരം ജില്ലയിലേതെന്നും എല്ലാ ആശംസകളും നേരുന്നതായും അദ്ദേഹം അറിയിച്ചു.

തന്റെ ഓഫീസ് സന്ദർശിക്കാൻ താത്പര്യമറയിച്ച സബ് കളക്ടറെ അദ്ദേഹം സ്വാഗതം ചെയ്തു. കളക്ടർ കെ. ഗോപാലകൃഷ്ണൻ, അസിസ്റ്റന്റ് കളക്ടർ അനുകുമാരി, എ.ഡി.എം സബിൻ സമീദ്, ഡെപ്യൂട്ടി കളക്ടർ സാം ക്ലീറ്റസ്, ഹുസൂർ ശിരസ്തദാർ പ്രദീപ് കുമാർ എന്നിവർ ചേർന്ന് ചീഫ് സെക്രട്ടറിയെ കളക്ടറേറ്റിൽ സ്വീകരിച്ചു.

ഉദ്യോഗസ്ഥർക്കു പരിശീലനം

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ഇന്ന്(ഒക്ടോബർ 16) മുതൽ ഒക്ടോബർ 28 വരെ ദിവസങ്ങളിൽ വിവിധ ദിവസങ്ങളിലായി ത്രിതല പഞ്ചായത്തുകളിലെയും ബന്ധപ്പെട്ട വകുപ്പുകളിലെയും നിർവഹണ ഉദ്യോഗസ്ഥർക്ക് ഹരിത ദൃഷ്ടി- മൊബൈൽ ആപ്ലിക്കേഷനിൽ പരിശീലനം നൽകുന്നു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഹരിതകേരളം മിഷനു കീഴിലുള്ള വിവിധ ഉപമിഷനുകളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി കകകഠങഗയുടെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷനാണ് ഹരിത ദൃഷ്ടി. ജലസംരക്ഷണം, ജൈവകൃഷി വ്യാപനം, മാലിന്യ സംസ്‌കരണം തുടങ്ങിയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരശേഖരണം കൃത്യമാക്കുന്നതിനും, അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഹരിത ദൃഷ്ടി സഹായകമാവും.

ഉപഭോക്ത്യ സംരക്ഷണ അവാർഡിന് അപേക്ഷിക്കാം

2018 ലെ രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാർഡിന് ഉപഭോക്തൃ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മേഖലയിൽ മൂന്നുവർഷത്തെ പ്രവർത്തി പരിചയമുള്ള സംഘടനകൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ഉപഭോക്തൃകാര്യ വകുപ്പ്, പൊതുവിതരണ വകുപ്പ് ഡയറക്ട്രേറ്റ്, ജില്ലാ കളക്ട്രേറ്റ്, ജില്ലാ സപ്ലൈ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. അപേക്ഷകൾ ഒക്ടോബർ 30ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് സെക്രട്ടറി, ഉപഭോക്തൃകാര്യ വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-01 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2731210

ജൈവ പച്ചക്കറി കൃഷിയിൽ നൂറൂമേനി വിളവെടുപ്പ്

വക്കം ഗ്രാമപഞ്ചായത്തിലെ പച്ചക്കറി വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേണുജി നിർവഹിച്ചു. തക്കാളി, പയർ, വെണ്ട, വഴുതന, കത്തിരി തുടങ്ങിയവയ്ക്കൊപ്പം വാഴക്കുല, മരച്ചീനി എന്നിവയും വിളവെടുത്തു. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയാണ് ഒന്നര ഏക്കർ സ്ഥലത്ത് പഞ്ചായത്ത് ജൈവകൃഷി നടപ്പാക്കിയത്.

കളകളെയും കീടങ്ങളെയും ചെറുക്കാൻ നാടൻ രീതികൾ മാത്രമാണ് അവലംബിച്ചത്. അതുകൊണ്ട് തന്നെ വിഷരഹിത പച്ചക്കറി ഉത്്പ്പാദിപ്പിക്കാൻകഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വിപണനത്തിനായി പഞ്ചായത്ത് കാര്യാലയത്തിനോട് ചേർന്ന് വിപണന കേന്ദ്രവും തുറന്നിട്ടുണ്ട്. നൂറുമേനി വിജയത്തിന്റെ പശ്ചാത്തലത്തിൽ രണ്ടാംഘട്ട കൃഷി ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. വിളവെടുപ്പ് മഹോത്സവത്തിൽ പഞ്ചായത്ത് അംഗങ്ങൾ, കൃഷി ഭവൻ ഉദ്യോഗസ്ഥർ,തുടങ്ങിയവരും പങ്കെടുത്തു.

ഇൻഡോർ സ്റ്റേഡിയം : രണ്ടാംഘട്ട നിർമാണോദ്ഘാടനം നടന്നു

ഒറ്റൂർ ഗ്രാമ പഞ്ചായത്തിൽ നിർമിക്കുന്നഇൻഡോർ സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം ബി സത്യൻ എം.എൽ.എ നിർവഹിച്ചു. ഒരു നാടിന്റെ കായിക സ്വപ്നം സാക്ഷാത്കരിക്കുകയാണ് ലക്ഷ്യമെന്നും പ്രദേശത്തെ കായിക പ്രതിഭകളെ വളർത്തിയെടുക്കാൻ ഭാവിയിൽ സായ്, സ്പോർട്ട്സ് കൗൺസിൽ എന്നിവയുമായിസഹകരിച്ചു പദ്ധതി തയ്യാറാക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ പറഞ്ഞു. സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 49.5 ലക്ഷം രൂപ അനുവദിച്ചു. രണ്ടാഘട്ട പ്രവർത്തനങ്ങളായ റൂഫിങ്, കോർട്ട് നിർമ്മാണം എന്നിവ പുരോഗമിക്കുന്നു. സ്റ്റേഡിയം യാഥാർഥ്യമാകുന്നതോടെ വിവിധ കായിക ഇനങ്ങളുടെ പരിശീലനങ്ങളും മത്സരങ്ങളും ഇവിടെ സംഘടിപ്പിക്കാൻ കഴിയും.

പ്രസിഡന്റ് ആർ. സുഭാഷ് അധ്യക്ഷനായ ചടങ്ങിൽ വൈസ് പ്രസിഡന്റ് രഹന നസീർ, ജനപ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.

വിശദീകരണം തേടി

ഒക്ടോബർ 10, 11 തീയതികളിൽ ഇലക്ഷൻ പരിശീലനത്തിന് ഹാജരാകാതിരുന്ന പോളിംഗ് ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഉചിതമായ കാരണമില്ലാതെ പരിശീലനത്തിൽ നിന്ന് മാറി നിന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ കളക്ടർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *