വ്യാജ പ്രചാരണത്തിലൂടെ യുഡിഎഫ് ജനങ്ങളെ വഞ്ചിച്ചു: കാനം

തിരുവനന്തപുരം: ലോക്സഭാ  തിരഞ്ഞെടുപ്പില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിച്ച യുഡിഎഫിന് ഉപതിരഞ്ഞെടുപ്പിലൂടെ ജനം മറുപടി നല്‍കുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

തിരുവനന്തപുരം പ്രസ് ക്ലബിന്റെ  ‘മുഖാമുഖം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫിന് അനുകൂലമായി വിധിയെഴുതാന്‍ കേരളം തയാറെടുക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം സംസ്ഥാനത്തെ രാഷ്ട്രീയദിശ എങ്ങോട്ടാണെന്നു പാലാ ഉപതെരഞ്ഞെടുപ്പിലൂടെ വ്യക്തമായി. ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ അരൂര്‍ ഒഴികെയുള്ളവ 2016 ലെ തിഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്ന മണ്ഡലങ്ങളാണ്. ആ മണ്ഡലങ്ങള്‍ തിരിച്ചു പിടിക്കാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫ് നടത്തുന്നത്. പാലാ ഉപതിരഞ്ഞടുപ്പിന്റെ പശ്ചാത്തലം ഈ ശ്രമങ്ങള്‍ക്ക് കുടൂതല്‍ കരുത്തേകുന്നുണ്ടെന്നും കാനം പറഞ്ഞു.

സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ഏതു സര്‍ക്കാര്‍ അധികാരത്തിലിരുന്നാലും ബാധ്യതയുണ്ട്. ഭരണഘടനാപരമായ ഈ ബാധ്യത നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കിയ സര്‍ക്കാരിനെക്കുറിച്ച് എന്‍എസ്എസിനു  വ്യത്യസ്ത അഭിപ്രായമുണ്ട്. അതു പറയാനുള്ള സ്വാതന്ത്യം അവര്‍ക്കുണ്ട്. സമദൂരവും ശരിദൂരവും സംഘടനയുടെ സ്വാതന്ത്ര്യമാണ്. ഏതെങ്കിലും ഒരു കക്ഷിക്ക് അനുകൂലമായി വോട്ടു ചെയ്യണമെന്നു എന്‍എസ്എസ് ഇതുവരെ പറഞ്ഞതായി തനിക്ക് അറിയില്ലെന്നും കാനം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *