റാഫേല്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യയില്‍നിന്ന് ബാലാക്കോട്ട് ആക്രമിക്കാമായിരുന്നു: പ്രതിരോധ മന്ത്രി

താനെ: റാഫേല്‍ യുദ്ധവിമാനങ്ങള്‍ നേരത്തേ തന്നെ ഇന്ത്യ സ്വന്തമാക്കിയിരുന്നെങ്കില്‍ പാക്കിസ്ഥാനിലെ തീവ്രവാദ ക്യാംപുകള്‍ ആക്രമിക്കാന്‍ ബാലാക്കോട്ടില്‍ പ്രവേശിക്കേണ്ടി വരില്ലായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു സിങ്.

‘റാഫേല്‍ യുദ്ധവിമാനങ്ങള്‍ കൈവശമുണ്ടായിരുന്നുവെങ്കില്‍ ബാലാക്കോട്ടില്‍ പ്രവേശിച്ച് ആക്രമണം നടത്തേണ്ടി വരില്ലായിരുന്നു. ഇന്ത്യയില്‍ നിന്ന് ആക്രമണം നടത്താന്‍ കഴിയുമായിരുന്നു,’ അദ്ദേഹം പറഞ്ഞു. യുദ്ധവിമാനങ്ങള്‍ സ്വയം പ്രതിരോധത്തിനു വേണ്ടിയാണെന്നും ആക്രമണത്തിന് വേണ്ടിയല്ലെന്നും സിങ് ആവര്‍ത്തിച്ചു.

ഫ്രാന്‍സില്‍ നിന്ന് ആദ്യത്തെ റാഫേല്‍ വിമാനം വാങ്ങുന്നതിനിടെ ആയുധ പൂജ ചെയ്തതിനെയും അദ്ദേഹം  ന്യായീകരിച്ചു. ‘വിമാനത്തില്‍ ഓം’ എന്നെഴുതി, ഒരു തേങ്ങ ഉടച്ചു. അനന്തമായ പ്രപഞ്ചത്തെയാണ് ഓം പ്രതിനിധീകരിക്കുന്നത്. എന്റെ വിശ്വാസമനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. ക്രിസ്ത്യന്‍, മുസ്്‌ലിം, സിഖ് തുടങ്ങിയ സമുദായങ്ങള്‍ പോലും ആമേന്‍, ഓംകാര്‍ തുടങ്ങിയ വാക്കുകള്‍ ആരാധനയില്‍ ഉപയോഗിക്കുന്നു. പൂജ നടത്തുമ്പോള്‍ മറ്റു മതസ്ഥരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആയുധ പൂജ നടത്തിയതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെയും റാഫേല്‍ യുദ്ധവിമാനത്തിന്റെ സൂപ്പര്‍സോണിക് വേഗതമേയും അദ്ദേഹം ബന്ധിപ്പിച്ചു. ‘നമ്മുടെ സര്‍ക്കാര്‍ സൂപ്പര്‍സോണിക് വേഗതയില്‍ പുരോഗമിക്കുകയാണ്, അതേസമയം കോണ്‍ഗ്രസും എന്‍സിപിയും സൂപ്പര്‍സോണിക് വേഗതയില്‍ താഴേക്കു പതിക്കുന്നു’ – രാജ്‌നാഥ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *