നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ കൈമാറരുതെന്ന് നടി സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ കൈമാറരുതെന്ന് അക്രമത്തിനിരയായ നടി സുപ്രീം കോടതിയില്‍. തന്റെ സ്വകാര്യത മാനിക്കണമെന്നും പ്രതികളെ ദൃശ്യങ്ങള്‍ കാണിക്കുന്നതിന് പ്രശ്നമില്ലെന്നും നടി സുപ്രീം കോടതിയെ രേഖാമൂലം അറിയിച്ചു.
തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ദൃശ്യങ്ങളടങ്ങിയ മെമ്മേറികാര്ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിലാണ് ആക്രമണത്തിനിരയായ നടി ദൃശ്യങ്ങള്‍ കൈമാറരുതെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപിന് ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറുന്നതിനെ പ്രോസിക്യൂഷനും ശക്തമായി എതിര്‍ത്തിരുന്നു.
നേരത്തെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. ദൃശ്യങ്ങള്‍ കൈമാറിയാല്‍ അത് നടിയുടെ സ്വകാര്യതയുടെ ലംഘനമാകുമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചു കൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്.