ആധാർ സീഡിംഗ്-അദാലത്ത് നടത്തും

ദൃശ്യ-ശ്രവ്യ പരസ്യങ്ങൾക്ക് അനുമതി വേണം

ഉപതെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികൾ നൽകുന്ന എല്ലാത്തരം ദൃശ്യ-ശ്രവ്യ പരസ്യങ്ങൾക്കും മുൻകൂർ അനുമതി വാങ്ങണമെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു. കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിർദ്ദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിക്കണം. ഇതോടൊപ്പം പരസ്യവും സി.ഡിയിൽ നൽകണം. ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിട്ടറിംഗ് കമ്മിറ്റിയാണ് അപേക്ഷ പരിശോധിച്ച് അംഗീകാരം നൽകുന്നത് .

ആറ്റിങ്ങൽ വി.എച്ച്.എസ്.ഇ. ക്ക് പുതിയ കെട്ടിടം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആറ്റിങ്ങൽ ഗവൺമെന്റ് ബോയ്‌സ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 11) 11 മണിക്ക് ബി.സത്യൻ എം.എൽ.എ. നിർവഹിക്കും. സർക്കാർ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ആറ്റിങ്ങൾ മുനിസിപ്പൽ ചെയർമാൻ എം. പ്രദീപ് മുഖ്യ അതിഥിയാവുന്ന ചടങ്ങിൽ ആറ്റിങ്ങൽ മുൻസിപ്പാലിറ്റി വൈസ് ചെയർ പേഴ്‌സൺ ആർ. എസ്. രേഖ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. പ്രദീപ്, പി.ടി.എ. പ്രസിഡന്റ്, അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും.

ശില്പശാല സംഘടിപ്പിച്ചു

ലോകമാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ‘ആത്മഹത്യ പ്രതിരോധം’ എന്ന വിഷയത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ  ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ ‘സുരക്ഷ ‘ സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. ആത്മഹത്യ പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം വിഷമതകൾ നേരിടാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെകുറിച്ചു ശില്പശാല ചർച്ച ചെയ്തു. മാനസികാരോഗ്യ ബോധവത്കരണ ക്ലാസ്സും നടന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രമാഭായി അമ്മ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിക്രം സാരാഭായി സ്‌പെയിസ് സെന്റർ ചീഫ് കൺട്രോളർ ഡോ.ബിജു ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ  സൈക്യാട്രിസ്റ്റ് ജോസഫ് മാണി, സോഷ്യൽ സയന്റിസ്റ്റ് ഇ.നസീർ തുടങ്ങിയവർ ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി.

പരിപാടിയിൽ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻമാരായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഇളമ്പ ഉണ്ണികൃഷ്ണൻ, ഡോക്ടർമാർ, ആശ പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

ഗതാഗതം തടസപ്പെടും

കല്ലറ- അടപ്പുപാറ റോഡിന്റെ നവീകരണം നടക്കുന്നതിനാൽ ഈ മാസം 12 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ  ചെറുവാളം-ആനകുളം വഴി പരപ്പിലേക്ക് പോകുന്ന വാഹനങ്ങൾ ഊന്നൻകല്ല് വഴി പോകണമെന്ന് പൊതുമാരാമത്ത് നിരത്തുവിഭാഗം  അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

റേഷൻ കാർഡിൽ ആധാർ നമ്പർ 31 വരെ ചേർക്കാം

ജില്ലയിലെ എല്ലാ റേഷൻകാർഡ് ഉടമകളും തങ്ങളുടെ റേഷൻകാർഡിൽ ഉൾപ്പെട്ടിട്ടുള്ള അംഗങ്ങളുടെ ആധാർ നമ്പർ റേഷൻകാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ സപ്‌ളൈ ഓഫീസർ ജലജാറാണി അറിയിച്ചു. ഇതുവരെയും ആധാർ നമ്പർ ബന്ധിപ്പിച്ചിട്ടില്ലാത്തവർക്ക് ഈമാസം 31 വരെ സമയം ദീർഘിപ്പിച്ചു നൽകിയിട്ടുണ്ടെന്നും ഈ തീയതിക്കു മുൻപായി ആധാർ നമ്പർ ബന്ധിപ്പിക്കുന്നതിനായി റേഷൻകടയുമായോ താലൂക്ക് സപ്ലൈ ഓഫീസുമായോ ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറയുന്നു.

ആധാർ സീഡിംഗ്-അദാലത്ത് നടത്തും

തിരുവനന്തപുരം നോർത്ത് സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയിലുള്ള റേഷൻകാർഡുകളിൽ ആധാർ സീഡിംഗ് നടത്തുന്നതിന്റെ ഭാഗമായി ഈ മാസം 14 മുതൽ 19 വരെ രാവിലെ പത്തുമണി മുതൽ വൈകിട്ട് നാലുവരെ കാഞ്ഞിരംപാറ സിറ്റി റേഷനിംഗ് ഓഫീസിൽവച്ച്(നോർത്ത്) അദാലത്ത് നടത്തുമെന്ന് സിറ്റി റേഷനിംഗ് ഓഫീസർ (നോർത്ത്) അറിയിച്ചു.

ഗാന്ധിജയന്തി വാരാഘോഷം സമാപനം

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ജില്ലാതല പരിപാടികൾക്ക് സമാപനമായി. മുതിയാവിള ജനതാഗ്രന്ഥശാലയിൽ നടന്ന സമാപന ചടങ്ങ് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഈ ആധുനിക കാലഘട്ടത്തിലും ഗാന്ധിജിയുടെ പ്രസക്തി വളരെ വലുതാണെന്നും ഗാന്ധിജിയെ അടുത്തറിയാൻ യുവതലമുറ കൂടുതൽ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി പ്രശ്നോത്തരി, ഉപന്യാസം, ചിത്രരചന തുടങ്ങിയ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും കളക്ടർ നിർവഹിച്ചു. കവി ഗിരീഷ് പുലിയൂർ മുഖ്യ അതിഥിയായി പങ്കെടുത്ത് കവിതാലാപനം നടത്തി.

കളക്ടർ കൊളുത്തിനൽകിയ ശാന്തിദീപം നൂറുകണക്കിന് കുട്ടികളും വീട്ടമ്മമാരും പകർന്നെടുത്തു. ലോക സമാധാനത്തിനും ഗാന്ധിചിന്തകൾ പുതുതലമുറയ്ക്ക് പരിചിതമാകുന്നതിനും ഉതകുന്നതാകട്ടെ ഈ ശാന്തിദീപങ്ങളെന്ന് കളക്ടർ പറഞ്ഞു.

ഗ്രന്ഥശാല പ്രസിഡന്റ് എ.ജെ അലക്സ് റോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നാട്ടുകാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

വൈദ്യുതി മുടങ്ങും

വട്ടിയൂർക്കാവ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇടവറ, കുറ്റിയാമ്മൂട് ആശ്രമം, പിടയന്നൂർ പ്രദേശങ്ങളിൽ ഇന്ന് (ഒക്ടോബർ 11) രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പൂജപ്പുര ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ കണ്ണേറ്റുമുക്ക് ഭാഗങ്ങളിലും തൈ്ക്കാട് ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ മേലാറന്നൂർ, ഈസ്ലാൻഡ്, സ്.ഐ.റ്റി, ജി.റ്റി.യു ഭാഗങ്ങളിലും അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇന്ന് (ഒക്ടോബർ 11) രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *