കേരള ബാങ്ക് ആരംഭിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി

തിരുവനന്തപുരം : കേരള ബാങ്ക് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് റിസര്‍വ് ബാങ്കിന്റെ അനുമതി. ഇതു സംബന്ധിച്ച കത്ത് സര്‍ക്കാരിനു ലഭിച്ചു. തീയതി പിന്നീട് സർക്കാർ പ്രഖ്യാപിക്കും. കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കുകളെയാണു സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിച്ച് ഒരൊറ്റ ബാങ്കാക്കി മാറ്റുന്നത്.

കേരള ബാങ്ക് രൂപീകരണം സംബന്ധിച്ച് പഠനം നടത്താന്‍ ശ്രീറാം കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ടാസ്ക് ഫോഴ്സിനെ നിയമിച്ചു. ഇവരുടെ മേല്‍നോട്ടത്തിലാണ് റിസര്‍വ് ബാങ്കിന്റെ അനുമതിക്കായി അപേക്ഷിച്ചത്. ഹ്രസ്വകാല വായ്പാ സഹകരണ സംഘങ്ങളെ നിലവിലുള്ള ത്രിതല സമ്പ്രദായത്തില്‍നിന്നും ദ്വിതല സമ്പ്രദായത്തിലേക്ക് മാറ്റി കേരള ബാങ്ക് രൂപീകരിക്കുന്നതിന് 19 വ്യവസ്ഥകളോടെ റിസര്‍വ് ബാങ്ക് നേരത്തെ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു.

നബാര്‍ഡ് മുഖേന അന്തിമ അനുമതിക്ക് അപേക്ഷിക്കാനും നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ജില്ലാ, സംസ്ഥാന സഹകരണ ബാങ്കുകളുടെ വായ്പാ പ്രോഡക്ടുകള്‍ 2019 ജനുവരി ഒന്ന് മുതല്‍ ഏകീകരിച്ചു. ബാങ്കുകളുടെ സിഎ ഓഡിറ്റ്, മെഗ്രേഷന്‍ ഓഡിറ്റ്, ആസ്തി ബാധ്യതകളുടെ കണക്കെടുപ്പ് എന്നിവ പൂര്‍ത്തീകരിച്ചു. പുതുതായി ബാങ്ക് എന്ന പദം പേരിനൊപ്പം ഉപയോഗിച്ച് സഹകരണ സംഘങ്ങള്‍ റജിസ്റ്റര്‍ ചെയ്യരുതെന്നു നിര്‍ദേശം നല്‍കി. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കുന്നതിനും പരിഷ്കരിക്കുന്നതിനും കമ്മിഷനെ നിയമിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

You may missed