അത് ലറ്റിക് അസോസിയേഷന്‍ പിരിച്ചുവിട്ട് അന്വേഷണമാവശ്യപ്പെട്ടു പ്രതിഷേധ ധര്‍ണ്ണ

പാലാ: സംഘാടകരുടെ പിടിപ്പുകേടുമൂലം വിദ്യാര്‍ത്ഥിക്കു ഹാമര്‍ കൊണ്ട് ഗുരുതരമായ പരുക്കേല്‍ക്കാന്‍ ഇടയായ സംഭവത്തില്‍ പ്രതിഷേധിച്ചു മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ചെറിയാന്‍ ജെ കാപ്പന്‍ സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയത്തിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് ഉദ്ഘാടനം ചെയ്തു.

ഗുരുതരമായ പിഴവിനു  ദുര്‍ബലമായ വകുപ്പ് ചുമത്തിയ പോലീസ് നടപടി കുറ്റക്കാരെ സംരക്ഷിക്കാന്‍ മാത്രമുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നഗരസഭയുടെ അനുമതി തേടാതെ സംസ്ഥാന തലത്തിലുള്ള കായികമേള നഗരസഭാ സ്‌റ്റേഡിയത്തില്‍ സംഘടിച്ചത് ഇവരുടെ സ്വാധീനത്തിന്റെ പ്രകടമായ തെളിവാണ്. അഫീല്‍ ജോണ്‍സനുള്ള നഷ്ടപരിഹാരം അത്‌ലറ്റിക് അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്നും ഈടാക്കാന്‍ നടപടി സ്വീകരിക്കണം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പഠന സമയത്ത് സ്റ്റേഡിയത്തില്‍ വോളന്റിയറായി നിയമിച്ച നടപടി പരിശോധിക്കണം. സംഘാടകരറിയാതെയാണ് അഫീല്‍ സ്റ്റേഡിയത്തില്‍ എത്തിയതെന്നവാദം ഉത്തതരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടടമാണ്.

രാവിലെ മുതല്‍ വിദ്യാര്‍ത്ഥികളെയാണ് വോളന്റിയര്‍മാരായി നിയോഗിച്ചിരുുന്നത്. ജാവലിനും ഹാമറും നിയമവിരുദ്ധമായി ഒന്നിച്ചു നടത്തിയവര്‍ക്കെതിരെ മന: പൂര്‍വ്വമുള്ള വധശ്രമത്തിനു കേസെടുക്കണം. ഗുരുതരമായ പിഴവ് സംഘാടനത്തില്‍ വന്ന സാഹചര്യത്തില്‍ സംസ്ഥാന  കോട്ടയം ജില്ലാ അത്‌ലറ്റിക് അസോസിയേഷനുകള്‍ പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണമെന്നും എബി ജെ. ജോസ് ആവശ്യപ്പെട്ടു.

എ വി ജോര്‍ജ്, ബിനു പെരുമന, അനൂപ് കെ. എന്നിവര്‍ പ്രസംഗിച്ചു. സോജന്‍ വര്‍ഗീസ്, ടോണി വേലംകുന്നേല്‍, അനീഷ് രവി, റാംശങ്കര്‍, ജോസഫ് കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *