വിവാദ ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാൻ വിദഗ്ദ്ധരുടെ സഹായവും തേടുമെന്ന് ചീഫ് സെക്രട്ടറി

കൊച്ചി: മരടിലെ വിവാദ ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാൻ സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ദ്ധരുടെ സഹായവും തേടുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന് പുറമെ പെട്രോളിയം ആൻഡ് എക്സ്‌പ്ളോസീവ്സ് സേഫ്ടി ഓർഗനൈസേഷൻ (പെസോ) ഉൾപ്പെടെയുള്ളവരുടെ സഹായം തേടും. ചെന്നൈ ഐ.ഐ.ടി ഇക്കാര്യത്തിൽ ഇടപെടാൻ സാദ്ധ്യതയില്ല. ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഗസ്റ്റ് ഹൗസിൽ ചേർന്ന ഉന്നതതലയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ കളക്ടർ എസ്. സുഹാസ്,​ ഫ്ലാറ്റ് പൊളിക്കുന്നതിന്റെ ചുമതലയുള്ള സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ്,​ സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാക്കറെ,​ എ.സി.പി പൂങ്കുഴലി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

സുപ്രീംകോടതി നൽകിയ സമയക്രമം അനുസരിച്ച് തന്നെ നടപടികളുമായി മുന്നോട്ട് പോകും. പൊളിക്കൽ ചുമതല നൽകാൻ കമ്പനികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. രണ്ടു ദിവസത്തിനകം കമ്പനികളെ തീരുമാനിച്ച് 11ന് ഫ്ലാറ്ര് അവർക്ക് കൈമാറും. പൊളിക്കുന്നതിന് മുമ്പായി പരിസരവാസികളുടെയും മറ്റും ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ നടപടിയെടുക്കും. പതിനഞ്ച് ഫ്ലാറ്റുകളാണ് അവകാശികളെത്താതെ ശേഷിക്കുന്നത്. ഒഴിഞ്ഞുപോകുന്നവർക്ക് എല്ലാ സഹായവും കൊടുക്കും. ഫ്ലാറ്റുകൾ ഒരുക്കിയെങ്കിലും മിക്കവരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേക്കാണ് മാറിയത്.

ഫ്ലാറ്റുടമകൾക്ക് നൽകേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് എല്ലാ തീരുമാനങ്ങളും ജസ്റ്റിസ് ബാലകൃഷ്ണൻ നായരുടെ കമ്മിറ്റിയാണ് സ്വീകരിക്കുക. കമ്മിറ്റിയുടെ മുന്നിലാണ് നഷ്ടപരിഹാരം വേണ്ടവർ രേഖകൾ സമർപ്പിക്കേണ്ടത്. അത് പരിശോധിച്ച ശേഷമായിരിക്കും കമ്മിറ്റി നഷ്ടപരിഹാരത്തുക നിശ്ചയിക്കുക. കമ്മിറ്റിയുടെ പ്രവർത്തനം ഉടനെ ആരംഭിക്കും. എല്ലാ ഒരുക്കങ്ങളും ജില്ലാ ഭരണകൂടം നടത്തിയിട്ടുണ്ട്. നാലാഴ്ചയ്ക്കകം നഷ്ടപരിഹാരം നൽകാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *