ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യടെസ്റ്റിൽ ഇന്ത്യയ്ക്ക് 203 റൺസ് വിജയം

വിശാഖപട്ടണം : പേസർ മുഹമ്മദ് ഷമിയുടെ അത്യുജ്ജ്വല പ്രകടനത്തോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യടെസ്റ്റിൽ ഇന്ത്യയ്ക്ക് 203 റൺസ് വിജയം.

വിശാഖപട്ടണത്ത് ഇന്നലെ സമാപിച്ച ഒന്നാം ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്സിൽ 395 റൺസ് ലക്ഷ്യവുമായി 11/1 എന്ന നിലയിൽ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ സന്ദർശകർ ചായയ്ക്ക് മുന്നേ 191 റൺസിൽ ആൾ ഒൗട്ടാവുകയായിരുന്നു. നാലുപേരുടെ സ്റ്റംപ് എറിഞ്ഞിടുകയും ഒരാളെ കീപ്പറുടെ കൈയിലെത്തിക്കുകയും ചെയ്ത പേസർ മുഹമ്മദ് ഷമിയുടെ മാരകബൗളിംഗായിരുന്നു അവസാന ദിവസത്തെ അത്ഭുതം. നാലുവിക്കറ്റുമായി ജഡേജയും ഒരു വിക്കറ്റുമായി അശ്വിനും ഇന്ത്യൻ വിജയവും പൂർണമാക്കി. ഒാപ്പണർ റോളിൽ ഇറങ്ങിയ ആദ്യടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടിയ (176, 127) രോഹിത് ശർമ്മയാണ് മാൻ ഒഫ് ദ മാച്ച്. ഇൗ വിജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി. രണ്ടാം ടെസ്റ്റ് ഇൗമാസം 10ന് പൂനെയിൽ തുടങ്ങും.

രോഹിതിന്റെയും മായാങ്ക് അഗർവാളിന്റെയും (201) ഒാപ്പണിംഗ് മികവിൽ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 502/7 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തിരുന്നു. ഒന്നാം ഇന്നിംഗ്സിന്റെ തുടക്കത്തിലെ തകർച്ചയെ ഡീൻ എൽഗാറിന്റെയും (160), ഡികോക്കിന്റെയും (111) സെഞ്ച്വറികൾ കൊണ്ട് പ്രതിരോധിച്ച ദക്ഷിണാഫ്രിക്ക പുറത്തായത് 431 റൺസിന്. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ രോഹിതിന്റെ സെഞ്ച്വറിക്കൊപ്പം പുജാര (81), ജഡേജ (40), കൊഹ്‌ലി (31) രഹാനെ (27) എന്നിവരുടെ സംഭാവനകളും ചേർത്ത് നാലാം ദിവസം ചായയ്ക്ക് ശേഷം 323/4 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തു. നാലാംദിവസം കളി അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 11 റൺസെടുത്തിരുന്നു.

അവസാന ദിവസമായ ഇന്നലെ രാവിലെ തന്നെ തെയുനിസ് ഡി ബ്രുയാനെ (10) സന്ദർശകർക്ക് നഷ്ടമായി. അശ്വിനാണ് ഡി ബ്രുയാനെ ബൗൾഡാക്കിയത്. തുടർന്ന് ഷമിയുടെ ഉൗഴമായിരുന്നു. ടെംപ ബൗമ (0) ഡുപ്ളെസി (13), ഡികോക്ക് (0) എന്നിവരെ ഷമിയുടെ മാരകമായ എറുകൾ ക്ളീൻ ബൗൾഡാക്കിയപ്പോൾ ദക്ഷിണാഫ്രിക്ക 60/5 എന്ന നിലയിലായി. തുടർന്ന് ഇന്ത്യൻ വംശജനായ സേനുരൻ മുത്തുസ്വാമി (49 നോട്ടൗട്ട്) ഒരറ്റത്ത് നിലയുറപ്പിക്കവേ എയ്ഡൻ മാർക്രം (39), ബർനോൺ ഫിലാൻഡർ (0) , കേശവ് മഹാരാജ് (0) ഒരോവറിൽ മടക്കി അയച്ച ജഡേജ ഇന്ത്യൻ വിജയം തൊട്ടരികിലെത്തിയെന്ന് തോന്നിപ്പിച്ചു.

ന്നാൽ ഒൻപതാം വിക്കറ്റിൽ മുത്തുസ്വാമിയും ഡേൻ പീറ്റും (56) ചേർന്ന് കൂട്ടിച്ചേർത്ത 91 റൺസ് ഇന്ത്യൻ വിജയം അല്പം വൈകിപ്പിച്ചു. ഒടുവിൽ പീറ്റിന്റെ കുറ്റി എറിഞ്ഞിട്ട് ഷമിതന്നെ സഖ്യം പൊളിച്ചു. അവസാന വിക്കറ്റിൽ കാഗിസോ റബാദയെ (18) കൂട്ടി മുത്തുസ്വാമി കുറച്ചുനേരം കൂടിപിടിച്ചുനിന്നു. ദക്ഷിണാഫ്രിക്കയുടെ ശവപ്പെട്ടിയിലെ അവസാന ആണി അടിച്ചതും ഷമിതന്നെ. റബാദയെ കീപ്പർ സാഹയുടെ കൈയിലെത്തിക്കുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

You may missed