പാലാരിവട്ടം: ടെന്‍ഡറിലും കൃത്രിമം നടന്നതായി ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ടെന്‍ഡറിലും കൃത്രിമം നടന്നതായി സംശയമുണ്ടെന്ന് ഹൈക്കോടതി. ഗൗരവമേറിയ ഇക്കാര്യം നിസ്സാരമായി കാണാനാവില്ലെന്നും കോടതി വാക്കാല്‍ പറഞ്ഞു. ഹര്‍ജികള്‍ കൂടുതല്‍ വാദത്തിനായി വ്യാഴാഴ്ചയിലേക്കു മാറ്റി.

മേല്‍പ്പാലം നിര്‍മാണ അഴിമതിക്കേസിലെ പ്രതികളായ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ടെന്‍ഡറും ടെന്‍ഡര്‍ രജിസ്റ്ററും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ടെന്ന് വാദംകേട്ട കോടതി വിലയിരുത്തി. ഇതു നിസ്സാരമായി കാണാനാവില്ല. മൊബിലൈസേഷന്‍ അഡ്വാന്‍സ് കമ്ബനിക്കു നേരിട്ടു നല്‍കിയത് എന്തിനാണെന്നും കോടതി ചോദിച്ചു.

നിര്‍മാണച്ചുമതല ആര്‍.ഡി.എസ്. കമ്ബനിക്കു നല്‍കാന്‍ ടെന്‍ഡറിലും ടെന്‍ഡര്‍ രജിസ്റ്ററിലും കൃത്രിമം കാട്ടിയെന്ന് വിജിലന്‍സിനു വേണ്ടി ഹാജരായ സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ കോടതിയെ അറിയിച്ചു. പാലത്തിന്റെ നിര്‍മാണത്തിന് ആര്‍.ഡി.എസ്. 47.68 കോടി രൂപയുടെ ടെന്‍ഡര്‍ നല്‍കി. ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്ബനി 42 കോടിയുടെ ടെന്‍ഡറും നല്‍കിയിരുന്നു. കുറഞ്ഞ തുക നല്‍കിയ കമ്ബനിയെ മറികടക്കാന്‍ ടെന്‍ഡര്‍ രേഖകള്‍ തിരുത്തി.

പാലം നിര്‍മാണത്തിന് 30.91 കോടി രൂപയാണ് ആര്‍.ഡി.എസ്. മുന്നോട്ടുവെച്ചിരുന്നത്. അനുബന്ധ നിര്‍മാണങ്ങള്‍ക്കായി 16.78 കോടിയും. ഇങ്ങനെയാണ് 47.68 കോടി രൂപയുടെ ടെന്‍ഡര്‍ നല്‍കിയത്. കുറഞ്ഞ തുക നല്‍കിയ കമ്ബനിക്കാണ് ടെന്‍ഡര്‍ നല്‍കേണ്ടിയിരുന്നത്.

ഇതനുസരിച്ച്‌ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷനാണ് നിര്‍മാണ അനുമതി നല്‍കേണ്ടിയിരുന്നത്. ഇതു മറികടക്കാനായി കൃത്രിമം നടത്തി. ടെന്‍ഡര്‍ തുക പറയുന്ന പേജിന്റെ അടിയില്‍ 13.43 ശതമാനം റിബേറ്റ് കൂടി ചേര്‍ത്ത് ആര്‍.ഡി.എസിന്റെ തുക 41.27 കോടിയായി കുറയ്ക്കുകയാണുണ്ടായത്.

പ്രകാരം പാലത്തിന്റെ ഡിസൈന്‍ തയ്യാറാക്കേണ്ടത് ആര്‍.ബി.ഡി.സി.കെ.യാണ്. ഈ വ്യവസ്ഥ മറികടക്കണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം. എന്നാല്‍, അതുണ്ടായില്ല. ആര്‍.ഡി.എസിനു വേണ്ടി മേല്‍പ്പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയ ബെംഗളൂരുവിലെ നാഗേഷ് കണ്‍സള്‍ട്ടന്റ്സിന്റെ മുന്‍ പ്രവര്‍ത്തനങ്ങളുടെ വിവരം ടെന്‍ഡറില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതില്ലെങ്കില്‍ ടെന്‍ഡര്‍ തള്ളണമെന്നു വ്യവസ്ഥയുണ്ട്. അതു നടപ്പായില്ല. കിറ്റ്കോയും ഇത് അംഗീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *